തിരുവനന്തപുരം : തിരുവനന്തപുരത്ത് വച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ കേസിൽ എസ്എഫ്ഐ പ്രവർത്തകർക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ പ്രതികളായ ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കാണ് ജാമ്യം ലഭിച്ചത്. ഗവർണർ സഞ്ചരിച്ചിരുന്ന കാറിനു നേരെ ചാടി വീണ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും കാർ ആക്രമിക്കുകയുമായിരുന്നു.
കേസിൽ പ്രതികളായി ജയിലിൽ കഴിഞ്ഞിരുന്ന എസ്എഫ്ഐ പ്രവർത്തകരായ അമൽ ഗഫൂർ, ആർ ജി ആഷിഷ്, റിനോ സ്റ്റീഫൻ യദുകൃഷ്ണൻ, ആഷിക് പ്രദീപ്, ദിലീപ്, റയാൻ എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കർശന ഉപാധികളോടെ ആണ് കോടതി പ്രതികൾക്ക് ജാമ്യം നൽകിയിട്ടുള്ളത്. പ്രതികൾക്ക് ലീഗൽ സർവീസസ് അതോറിറ്റി മുഖേന കൗൺസിലിംഗ് നൽകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
എസ്എഫ്ഐക്കാരായ പ്രതികൾ നേരത്തെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയിരുന്ന ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രതികൾ തിരുവനന്തപുരം വിട്ടു പോകരുതെന്ന് ജാമ്യ വ്യവസ്ഥയിൽ കോടതി നിർദേശിച്ചിട്ടുണ്ട് . മൂന്നുമാസം കൂടുമ്പോൾ പ്രതികളുടെ ഹാജർ രജിസ്റ്റർ കോടതിയിൽ ഹാജരാക്കണം എന്ന വ്യവസ്ഥയും ജാമ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post