കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തൃണമൂൽ പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒരാഴ്ചയായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നോർത്ത് 24 പർഗനാസ് സ്വദേശികളായ മെഹ്ബൂർ മൊല്ല, സുഖലാം സർക്കാർ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരാണ് ആദ്യം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സംഭവ ശേഷം ഒളിവിൽ പോയ ഇരുവരെയും ബസിർഹത്ത് ജില്ലയിൽ നിന്നാണ് പിടികൂടിയത് എന്ന് പോലീസ് അറിയിച്ചു.
പരാതി ലഭിച്ചതിന് പിന്നാലെ പോലീസ് സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ജനുവരി അഞ്ചിനായിരുന്നു ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടത്. പൊതുവിതരണ സംവിധാനത്തിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഇഡി ഉദ്യോഗസ്ഥർ. ഇതിനിടെ പ്രതിഷേധവുമായി വീടിന് മുൻപിൽ തടിച്ച് കൂടിയ തൃണമൂൽ പ്രവർത്തകരുടെ സംഘം ആക്രമിക്കുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്ന സിആർപിഎഫ് ജവാന്മാർക്കും പരിക്കേറ്റു.









