ആലപ്പുഴ : ആലപ്പുഴയിൽ കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്പിനോട്ടീസ് നൽകിയ ബാങ്കിന്റെ നടപടികൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഏറെ ചർച്ചയായിരുന്നു. തുടർന്ന് പ്രസാദിന്റെ കുടുംബത്തിന് കൈത്താങ്ങായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. ബാങ്കിൽ തിരിച്ചടയ്ക്കാനുള്ള മുഴുവൻ വായ്പാ തുകയും സുരേഷ് ഗോപി നൽകിയിട്ടും ഈ കുടുംബത്തിന്റെ ദുരിതം അവസാനിക്കുന്നില്ല.
വായ്പ മുഴുവൻ തീർക്കാനുള്ള തുകയുമായി ബാങ്കിലെത്തിയ പ്രസാദിന്റെ കുടുംബത്തിനോട് ആധാരം തിരിച്ചു നൽകാൻ ആവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥർ. സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ടിട്ടുണ്ടെന്നും ജപ്തി നടപടി മരവിപ്പിച്ചിരിക്കുകയാണ് എന്നുമാണ് ആധാരം തിരിച്ച് നൽകാത്തത്തിന് കാരണമായി ബാങ്ക് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. എസ് സി എസ് ടി കോർപ്പറേഷനാണ് പ്രസാദിന്റെ ഭാര്യ ഓമനയോട് ആധാരം തിരിച്ചുതരാൻ ആവില്ലെന്ന് അറിയിച്ചത്.
മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ടതോടെ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് എസ് സി എസ് ടി കോർപ്പറേഷൻ അറിയിക്കുന്നത്. ഈ അന്വേഷണം പൂർത്തിയാക്കാതെ ആധാരം വിട്ടു നൽകാൻ കഴിയില്ല എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അല്ലെങ്കിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഇനി യാതൊരു ആനുകൂല്യവും വേണ്ട എന്ന് പ്രസാദിന്റെ ഭാര്യ ഓമന എഴുതി നൽകണമെന്നും ബാങ്ക് ആവശ്യപ്പെട്ടു.
Discussion about this post