മുംബൈ : അയോധ്യയിൽ രാമ ക്ഷേത്രം പണിയുക എന്നുള്ളത് തന്റെ പിതാവിന്റെ സ്വപ്നമായിരുന്നുവെന്ന് ശിവസേന യു ബി ടി വിഭാഗം തലവൻ ഉദ്ധവ് താക്കറെ. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പകരം രാഷ്ട്രപതി ദ്രൗപതി മുർമു നിർവഹിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച കത്തിലാണ് ഉദ്ധവ് താക്കറെ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമായതിനാൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ദ്രൗപതി മുർമു നിർവഹിക്കണമെന്നാണ് ഉദ്ധവ് രാഷ്ട്രപതിക്ക് അയച്ച കത്തിൽ സൂചിപ്പിക്കുന്നത്. രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ നടക്കുന്ന അതേ ദിവസം നാസിക്കിൽ നടത്തുന്ന കാലാറാം ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങിലേക്ക് ഉദ്ധവ് താക്കറെ രാഷ്ട്രപതിയെ ക്ഷണിക്കുകയും ചെയ്തു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ജനുവരി 22 ന് തന്റെ പാർട്ടി നാസിക്കിലെ ചരിത്രപ്രസിദ്ധമായ കാലാറാം ക്ഷേത്രം സന്ദർശിച്ച് ഗോദാവരി നദിയുടെ തീരത്ത് ‘മഹാ ആരതി’ നടത്തുമെന്നും ഉദ്ധവ് താക്കറെ അറിയിച്ചു.
ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പുനരുദ്ധാരണം നടത്തിയ ശേഷം പ്രതിഷ്ഠ ചടങ്ങ് നിർവഹിച്ചത് അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. രാജേന്ദ്രപ്രസാദ് ആയിരുന്നു. അതേ രീതിയിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങും രാഷ്ട്രപതി തന്നെ നടത്തണമെന്ന് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. താനൊരു രാമഭക്തനും ദേശഭക്തനും ആണെങ്കിലും അന്ധമായ ഭക്തി കാണിക്കുന്നയാളല്ല എന്നും ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു.
Discussion about this post