മുംബൈ: മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. മുംബൈയിലെ ദോംബിവ്‌ലിയിലെ പലവന ടൗൺഷിപ്പ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ ആളപായം ഇല്ലെന്ന് അധികൃതർ അറിയിച്ചു.
രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 18 നിലകളുള്ള ആളുകൾക്ക് താമസിക്കാനായി നിർമ്മിച്ച കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. എട്ടാം നിലയിലാണ് ആദ്യം തീ പടർന്നത് പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം അടുത്തിടെയാണ് പൂർത്തിയായത്. അതിനാൽ മൂന്നാം നിലയിൽ മാത്രമാണ് താമസക്കാർ ഉള്ളത്. തീ ഉയർന്നത് കണ്ടതോടെ കുടുംബങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറി. ഇവരാണ് തീപിടിത്തത്തിന്റെ വിവരം അഗ്നിശമന സേനയെ അറിയിച്ചത്.
മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയം ആക്കിയത്. പൂർണമായും അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം ആയതെന്ന് അഗ്നിശമന സേന അറിയിച്ചു.
Discussion about this post