മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാർട്ടിയ്ക്ക് പ്രാദേശിക തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി. ശനിയാഴ്ച നടന്ന തലസ്ഥാനമായ മാലെയിലെ മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യ അനുകൂല പ്രതിപക്ഷമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) വൻ വിജയം നേടി.
എംഡിപി സ്ഥാനാർത്ഥി ആദം അസിം, മാലെയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മുയിസു സ്ഥാനം രാജിവച്ച സ്ഥനമാണിത്. ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് പിന്നാലെ ദ്വീപ് രാഷ്ട്രത്തിൽ ഭരണപക്ഷവിരുദ്ധ വികാരം ഉയർന്നിരുന്നു. ഇന്ത്യ തരംഗം ആഞ്ഞടിച്ചതിന്റെ ഫലമാണ് മുയിസുവിനേറ്റ പ്രഹരം എന്നാണ് വിലയിരുത്തൽ.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചൈന അനുകൂല നേതാവായ മുയിസുവിനോട് പരാജയപ്പെട്ട ഇന്ത്യ അനുകൂല മുൻ പ്രസിഡന്റ് മുഹമ്മദ് സോലിഹാണ് എംഡിപിയുടെ തലവൻ.
അതേസമയം മാലിദ്വീപിൽ ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. സഞ്ചാരികളുടെ ഒഴുക്ക് നിലച്ചതോടെ ദ്വീപ് രാഷ്ട്രത്തിലെ ടൂർ ഓപ്പറേറ്റേഴ്‌സ് മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു. മന്ത്രിമാരുടെ മണ്ടൻപരാമർശം രാജ്യത്തിന്റെ വികാരമായി കാണരുതെന്നായിരുന്നു അഭ്യർത്ഥന.
Discussion about this post