ന്യൂഡൽഹി: മിലിന്ദ് ദിയോറയുടെ രാജിയ്ക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. മിലിന്ദിന്റെ രാജി പ്രധാനമന്ത്രിയുടെ സ്വാധീനത്തെ തുടർന്നാണ്. തനിക്ക് മിലിന്ദിനെ ഏറെ ഇഷ്ടമാണെന്നും ജയറാം രമേശ് പറഞ്ഞു.
മിലിന്ദ് ദിയോറ വെള്ളിയാഴ്ച തന്നോട് സംസാരിച്ചിരുന്നു. ദക്ഷിണ മുംബൈയിലെ ലോക്‌സഭാ സീറ്റിനായി ഉദ്ധവ് താക്കറെ പക്ഷം ശ്രമിക്കുന്നുണ്ടെന്ന് തന്നോട് പറഞ്ഞിരുന്നു. മുൻ വർഷങ്ങളിൽ മിലിന്ദും അദ്ദേഹത്തിന്റെ പിതാവ് മുരളിയും ആയിരുന്നു ഇവിടെ മത്സരിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെയായിരുന്നു മിലിന്ദ് തന്നോട് ഇക്കാര്യം പറഞ്ഞത്. പിന്നീട് ഉച്ചയ്ക്ക് പാർട്ടി വിടാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
വൈകീട്ട് താൻ അദ്ദേഹത്തെ തിരിച്ചുവിളിച്ചു. രാഹുൽ ഗാന്ധിയോട് ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട് സംസാരിക്കണം എന്നും, സാഹചര്യം അദ്ദേഹത്തോട് പറയണമെന്നുമാണ് മിലിന്ദ് തന്നോട് പറഞ്ഞത്. എന്നാൽ പെട്ടെന്ന് രാജി പ്രഖ്യാപിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സ്വാധീനപ്രകാരമാണ് അദ്ദേഹം ഇങ്ങനെയൊരു തീരുമാനം എടുത്തത്. തനിക്ക് മിലിന്ദിനെ വളരെ ഇഷ്ടമാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു.
55 വർഷമായി കോൺഗ്രസിൽ തുടർന്നിരുന്ന മിലിന്ദ് നേതൃത്വത്തിൽ നിന്നുള്ള അവഗണനയെ തുടർന്നാണ് രാജി വച്ചത്. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയ്ക്കുള്ളിൽ തന്നെ അതൃപ്തി പുകയുന്നുണ്ട്. ഇതിനിടെയാണ് പ്രധാനമന്ത്രിയാണ് രാജിയ്ക്ക് പിന്നിലെന്ന് വ്യക്തമാക്കി ജയറാം രമേശ് രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post