ന്യൂഡൽഹി: അതിശൈത്യത്തിൽ വിറങ്ങലിച്ച് തലസ്ഥാനം. ഡൽഹി ആലീപൂരിൽ ശൈത്യത്തിൽ തീ കായുന്നതിനിടെ പുക ശ്വസിച്ച് നാല് മരണം. രണ്ട് കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേരാണ് മരിച്ചത്. മുറിയിൽ കത്തിച്ചുവെച്ച കൽക്കരിയിൽ നിന്നുള്ള പുക ശ്വസിച്ചാണ് മരണം. രാകേഷ് (40), ഭാര്യ ലളിത (38), ഇവരുടെ രണ്ട് മക്കളായ പിയൂഷ് (8), സണ്ണി (7) എന്നിവരാണ് മരിച്ചത്.
രാത്രി തണുപ്പകറ്റാനായി കുടുംബം കൽക്കരി കത്തിച്ച് വച്ച ശേഷം ഉറങ്ങുകയായിരുന്നു. എന്നാൽ, ഈ പുക മുറിയ്ക്കുള്ളിൽ നിറഞ്ഞതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. രാവിലെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, ഞായറാഴ്ച്ച പല സംസ്ഥാനങ്ങളിലും റെക്കോർഡ് മൂടൽ മഞ്ഞാണ് റിപ്പോർട്ട് ചെയ്തത്. കാഴ്ച്ച പരിധി പൂജ്യത്തിലെത്തിയതോടെ പ്രദേശത്തെ ഗതാഗതം താറുമാറായി. 3.4 ഡിഗ്രിയാണ് ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. തുടർന്നുള്ള ദിവസങ്ങളിലും മഞ്ഞ് തുടർന്നാൽ ജനജീവിതം ദുരിതപൂർണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post