ന്യൂഡൽഹി : രാമക്ഷേത്രം യാഥാർത്ഥ്യമാകുമ്പോൾ വിശ്വഹിന്ദു പരിഷത്തിന്റെ മുൻ നേതാവായിരുന്ന പ്രവീൺ ഭായ് തൊഗാഡിയയും ഒടുവിൽ സംഘപരിവാറിന് മുമ്പിൽ കീഴടങ്ങുകയാണ്. സംഘപരിവാറുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കഴിഞ്ഞ ഏതാനും കാലങ്ങളായി നീണ്ടുനിന്ന പിണക്കം അവസാനിപ്പിച്ചുകൊണ്ട് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുമെന്ന് തൊഗാഡിയ വ്യക്തമാക്കി. പ്രാണ പ്രതിഷ്ഠയിൽ പങ്കെടുക്കാൻ എത്തുന്ന കർസേവകർക്ക് തിലകം ചാർത്തി ആദരിക്കും എന്നും തൊഗാഡിയ അറിയിച്ചിട്ടുണ്ട്.
വിശ്വഹിന്ദു പരിഷത്തിന്റെ മുൻ അന്താരാഷ്ട്ര വർക്കിംഗ് പ്രസിഡണ്ട് ആയിരുന്നു ഡോ. പ്രവീൺ ഭായ് തൊഗാഡിയ. എന്നാൽ ഏതാനും വർഷങ്ങൾക്കു മുൻപ് സംഘപരിവാറുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പിണക്കത്തിൽ ആയ തൊഗാഡിയ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് എന്ന് മറ്റൊരു സംഘടന സ്ഥാപിക്കുകയായിരുന്നു. സംഘപരിവാറുമായി അകന്നതോടെ ഏറെക്കുറെ വിസ്മൃതിയിലാണ്ടുപോയ തൊഗാഡിയ ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. പ്രാണപ്രതിഷ്ഠ ചടങ്ങിന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചതായി തൊഗാഡിയ അറിയിച്ചു.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ജനുവരി 15 ന് ഗോരഖ്പൂരിൽ നിന്ന് രാം ലല്ല നന്ദി പ്രകാശന യാത്ര നടത്തുമെന്ന് പ്രവീൺ ഭായ് തൊഗാഡിയ വ്യക്തമാക്കി. ഗോരഖ്പൂരിൽ നിന്ന് ആരംഭിക്കുന്ന ഈ യാത്ര കുശിനഗർ, വാരണാസി, ജൗൻപൂർ, പ്രയാഗ്‌രാജ് തുടങ്ങി നിരവധി നഗരങ്ങളിലൂടെ കടന്നുവന്ന് ജനുവരി 21-ന് വൈകുന്നേരം അയോധ്യയിലെത്തുന്നതാണ്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി പോരാടിയ എല്ലാ കർസേവകരെയും ആദരിക്കുമെന്നും തൊഗാഡിയ അറിയിച്ചു.
Discussion about this post