ലക്നൗ: അയോദ്ധ്യാ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനായി അയോദ്ധ്യ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. രാംലല്ലയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവർക്കുള്ള താമസ സൗകര്യങ്ങൾ ഉൾപ്പെടെ അയോദ്ധ്യയിൽ തയ്യാറായിക്കഴിഞ്ഞു.
എംപിമാരും അംബാസിഡർമാരും ഉൾപ്പെടെ അൻപത്തിയഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള നൂറോളം നേതാക്കളെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനായി ക്ഷണിച്ചിട്ടുണ്ട്. കൊറിയൻ രാഞ്ജിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളതായി വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെ സ്ഥാപകനും ചെയർമാനുമായ സ്വാമി വിജ്ഞാനാനന്ദ അറിയിച്ചു.
അർജന്റീന, ഓസ്‌ട്രേലിയ, ബെലാറസ്, ബോട്‌സ്‌വാന, കാനഡ, കൊളംബിയ, ഡെൻമാർക്ക്, ഡൊമിനിക്ക, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡിആർസി), ഈജിപ്ത്, എത്യോപ്യ, ഫിജി, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഘാന, ഗയാന, ഹോങ് കോങ്, ഹംഗറി, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, ജമൈക്ക, ജപ്പാൻ, കെനിയ, കൊറിയ, മലേഷ്യ, മലാവി, മൗറീഷ്യസ്, മെക്സിക്കോ, മ്യാൻമർ, നെതർലാൻഡ്സ്, ന്യൂസിലാൻഡ്, നൈജീരിയ, നോർവേ, സിയറ ലിയോൺ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, ശ്രീലങ്ക , സുരിനാം, സ്വീഡൻ, തായ്‌വാൻ, ടാൻസാനിയ, തായ്‌ലൻഡ്, ട്രിനിഡാഡ് & ടൊബാഗോ, വെസ്റ്റ് ഇൻഡീസ്, ഉഗാണ്ട, യുകെ, യുഎസ്എ, വിയറ്റ്‌നാം, സാംബിയ എന്നിവയാണ് ക്ഷണം ലഭിച്ച രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെ തലവന്മാരായിരിക്കും ചടങ്ങിൽ പങ്കെടുക്കുകയെന്ന് സ്വാമി വിജ്ഞാനാനന്ദ വ്യക്തമാക്കി.
വരുന്ന 20ന് ലക്നൗവിലെത്തുന്ന വിവിധ രാജ്യത്തിന്റെ പ്രതിനിധികൾ 21ന് വൈകുന്നേരത്തോടെ അയോദ്ധ്യയിലെത്തും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഈ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കനത്ത മഞ്ഞിന്റെ പശ്ചാത്തലത്തിൽ അതിഥികളോട് ചടങ്ങിന് മുൻപ് തന്നെ ഇന്ത്യയിലെത്തണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന 16ന് പ്രതിഷ്ഠക്ക് മുന്നോടിയായ പ്രധാന ചടങ്ങുകൾ ആരംഭിക്കും. പ്രതിഷ്ഠാ ദിവസം 1008 ഹുണ്ടി മഹായാഗവും നടക്കും. 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷിയാകും. പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രതിനൊന്ന് ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾ ആരംഭിച്ചതായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Discussion about this post