ന്യൂഡൽഹി : ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുള്ളതായി വ്യക്തമാക്കി രാമ ജന്മഭൂമി പ്രക്ഷോഭത്തിന്റെ പ്രധാന മുഖങ്ങളിൽ ഒന്നായിരുന്ന വിനയ് കത്യാർ. ക്ഷണിക്കാൻ അവർ മറന്നിട്ടില്ല പക്ഷേ പങ്കെടുക്കാൻ കഴിയുമോ എന്നുള്ള കാര്യം സംശയമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ബജ്റംഗ്ദൾ സ്ഥാപക പ്രസിഡണ്ടും ബിജെപിയുടെ മുൻ രാജ്യസഭ എംപിയും കൂടിയാണ് വിനയ് കത്യാർ.
“രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൽ നിന്നും പ്രാണപ്രതിഷ്ഠ ചടങ്ങിനായി ക്ഷണം ലഭിച്ചിട്ടുണ്ട്. പക്ഷേ ആരോഗ്യസ്ഥിതി മോശമാണ്. ഭഗവാൻ ശ്രീരാമൻ അനുഗ്രഹിക്കുകയാണെങ്കിൽ തീർച്ചയായും പോകാനായി ശ്രമിക്കുന്നതാണ്” എന്നും വിനയ് കത്യാർ വ്യക്തമാക്കി. വിശ്വഹിന്ദു പരിഷത്തിൽ പ്രവർത്തിച്ചിരുന്ന കാലത്താണ് കത്യാർ രാമജന്മഭൂമി പ്രക്ഷോഭങ്ങൾക്കായി യുവാക്കളെ അണിനിരത്തുന്നതിനായി സ്ഥാപിക്കപ്പെട്ട ബജ്റംഗ്ദളിന്റെ ആദ്യ പ്രസിഡന്റ് ആവുന്നത്. ഇന്നത്തെ അയോധ്യ ഫൈസാബാദ് ആയിരുന്ന കാലത്ത് ആ മണ്ഡലത്തിലെ എംപി ആയിരുന്നു അദ്ദേഹം. പിന്നീട് രാജ്യസഭാ എംപി ആയും പ്രവർത്തിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് കുറച്ചുകാലമായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ് വിനയ് കത്യാർ.
ലക്ഷക്കണക്കിന് ശ്രീരാമ ഭക്തരുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമാണ് ഇപ്പോൾ അയോധ്യയിൽ ഉയരുന്ന രാമക്ഷേത്രമെന്ന് വിനയ് കത്യാർ അഭിപ്രായപ്പെട്ടു. പ്രകടിപ്പിക്കാൻ കഴിയാത്ത അത്രയും സന്തോഷമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് മാത്രമേ ആ സന്തോഷം അനുഭവിക്കാൻ കഴിയുകയുള്ളൂ. അതിന് കഴിയാത്തതിനാലാണ് കോൺഗ്രസിന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം നിരസിക്കേണ്ടി വന്നതെന്നും വിനയ് കത്യാർ അഭിപ്രായപ്പെട്ടു.
Discussion about this post