മുംബൈ: ഇന്ത്യക്കെതിരായ അധിക്ഷേപ പരാമർശത്തോടെ തകർന്ന ഇന്ത്യ- മാലിദ്വീപ് ബന്ധം വീണ്ടും വഷളാകുന്നു. മാലിദ്വീപിന് കനത്ത പ്രഹരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ടൂറിസം മേഖലയിലും വ്യവസായ രംഗത്തും മാലിദ്വീപ് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ സിനിമാമേഖലയിൽ നിന്നും ദ്വീപിന് പണി കിട്ടിയിരിക്കുകയാണ്.
നേരത്തെ തന്നെ സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേർ മാലിദ്വീപിനെതിരായി രംഗത്ത് വന്നിരുന്നു. മാലിയെ ടൂറിസം രംഗത്ത് നിന്നും ഒഴിവാക്കണമെന്നും ഇന്ത്യൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കണമെന്നും നിരവധി പേർ ആഹ്വാനം ചെയ്തിരുന്നു. ഇപ്പോൾ സിനിമാ ചിത്രീകരണത്തിലും മാലിദ്വീപിനെ ഒഴിവാക്കണമെന്ന ആഹ്വാനമാണ് വന്നിരിക്കുന്നത്. ഓൾ ഇന്ത്യാ സിനി വർക്കേഴ്സ് അസോസിയേഷനാണ് സിനിമാ ചിത്രീകരണത്തിന് മാലിദ്വീപിനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
‘മാർച്ച് 15ന് മുൻപ് ഇന്ത്യൻ സൈന്യത്തെ അവരുടെ ദ്വീപിൽ നിന്നും പിൻവലിക്കണമെന്ന് മാലിദ്വീപ് ഗവൺമെന്റ് ആവശ്യപ്പെട്ടിരുന്നു. കുറച്ച് നാൾ മുൻപാണ് മാലിദ്വീപിലെ
ചില മന്ത്രിമാർ നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് മോശമായ രീതിയിൽ സംസാരിച്ചത്. ഇതിന് പിന്നാലെ ‘ബോയ്കോട്ട് മാലിദ്വീപ്’ കാമ്പയിൻ ഇന്ത്യയിൽ തുടങ്ങിയിരുന്നു. ഇനിമുതൽ ആരും സിനിമാ ചിത്രീകരണത്തിനായി മാലിദ്വീപിന് യെ തിരഞ്ഞെടുക്കരുതെന്നും അവധിക്കാലം ആഘോഷിക്കാൻ മാലിയിലേക്ക് പോകരുതെന്നും ഞാൻ ആഭ്യർത്ഥിക്കുന്നു’- സിനി വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ശ്യാം ലാൽ പറഞ്ഞു.
കഴിഞ്ഞ ദിവസം, മാലദ്വീപിലേക്കുള്ള തന്റെ അവധിക്കാല യാത്ര റദ്ദാക്കിയെന്ന് തെലുങ്ക് സൂപ്പർ താരം നാഗാർജുന അറിയിച്ചിരുന്നു. പകരം ലക്ഷദ്വീപിലേയ്ക്ക് അവധിക്കാല യാത്രക്കായി പോകുമെന്നാണ് താരം പറഞ്ഞത്. നമ്മുടെ പ്രധാനമന്ത്രി 150 കോടി ജനങ്ങളെ നയിക്കുന്നുവെന്നും അദ്ദേഹത്തിനെതിരെ പറഞ്ഞ പ്രസ്താവനകൾ ഒട്ടും ആരോഗ്യകരമായിരുന്നില്ലെന്നും നാഗാർജുന കൂട്ടിച്ചേർത്തു.
‘ജനുവരി 17-ന് മാലദ്വീപിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകാനിരുന്നതാണ്. ബിഗ് ബോസിലും നാ സാമി രംഗ എന്ന സിനിമയിലുമായി 75 ദിവസം ഇടവേളയില്ലാതെ ജോലി ചെയ്തു. ഞാൻ ഇപ്പോൾ ടിക്കറ്റ് റദ്ദാക്കിയിരിക്കുകയാണ്. പകരം അടുത്തയാഴ്ച ലക്ഷദ്വീപിലേയ്ക്ക് പോകാനാണ് തീരുമാനം. ഭയം കൊണ്ടല്ല യാത്ര റദ്ദാക്കിയത്, അത് ശരിയല്ലെന്ന് തോന്നി. അവർ നടത്തിയ പ്രസ്താവനകൾ ഒട്ടും ആരോഗ്യകരമായിരുന്നില്ല, അത് ശരിയല്ല. നരേന്ദ്ര മോദി നമ്മുടെ പ്രധാനമന്ത്രിയാണ്. 150 കോടി ജനങ്ങളെ അദ്ദേഹം നയിക്കുന്നു. 150 കോടി ജനങ്ങളുടെ നേതാവാണ് അദ്ദേഹം’- നാഗാർജുന തന്റെ പോസ്റ്റിൽ കുറിച്ചു.
Discussion about this post