തിരുവനന്തപുരം: വദനാർബുദവും (ഓറൽ കാൻസർ) ദന്തക്ഷയവും മോണരോഗങ്ങളും സംസ്ഥാനത്ത് വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇത്തരം രോഗങ്ങൾ വർദ്ധിക്കുമ്പോഴും വേണ്ടത്ര ഡെന്റൽ ഹൈജീനിസ്റ്റുകളുടെ അഭാവം സാരമായി തന്നെ ബാധിക്കുന്നു.
സംസ്ഥാനത്ത് 49 ആരോഗ്യകേന്ദ്രങ്ങളിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2തസ്തികപോലും സൃഷ്ടിച്ചിട്ടില്ല. നാഷണൽ ഓറൽ ഹെൽത്ത് പോളിസി പ്രകാരവും ഡെന്റൽ കൗൺസിൽ നിയമപ്രകാരവും 1:1അനുപാതത്തിൽ ഡെന്റൽ ഹൈജീനിസ്റ്റുകൾ നിർബന്ധമാണ്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും താലൂക്ക് ആശുപത്രികളും ഉൾപ്പെടുന്ന 14 ജില്ലകളിലെ 49 ആരോഗ്യകേന്ദ്രങ്ങളിലാണ് ഹൈജീനിസ്റ്റുകളില്ലാത്തത്. സാധാരണക്കാരായ ആളുകൾക്കാണ് ഇത് മൂലം ദന്തരോഗങ്ങൾക്ക് മതിയായ ചികിത്സ ലഭിക്കാത്തത്.
സംസ്ഥാനത്ത് ഡെന്റൽ ഹൈജീനിസ്റ്റ് ഡിപ്ലോമ കോഴ്‌സുള്ളത് തിരുവനന്തപുരം ഡെന്റൽ കോളേജിൽ മാത്രമാണ്. എന്നാൽ ആകെയുള്ള പത്ത് സീറ്റിൽ പ്രവേശനം നേടി പഠിച്ചിറങ്ങുന്നവർക്കു പോലും ജോലിയില്ലാത്ത സ്ഥിതിയാണ്.
സംസ്ഥാനത്ത് 90% പേരും ഏതെങ്കിലും തരത്തിലുള്ള ദന്തരോഗങ്ങളാൽ ബുദ്ധിമുട്ടുന്നതായും 5ശതമാനം പേരിൽ ഇത് ഗുരുതരമാണെന്നും ഡെന്റൽ ഹെൽത്ത് സർവീസ് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ലക്ഷത്തിൽ 14പേരെ വദനാർബുദ്ധം ബാധിക്കുന്നു. 140പേർ വദനാർബുദത്തിന് തൊട്ട് മുമ്പുള്ള ഘട്ടത്തിലുമാണ്.
Discussion about this post