ഛത്തീസ്ഗഢ്: അയോദ്ധ്യയിൽ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യമെമ്പാടും വിപുലമായ ആഘോഷങ്ങൾക്കാണ് തയ്യാറെടുക്കുന്നത്. ആഘോഷങ്ങളുടെ മുന്നോടിയായി ഛത്തീസ്ഗഢ് സെക്ടർ 34ൽ 80 അടി ഉയരത്തിലും 50 അടി വീതിയിലുമുള്ള രാമക്ഷേത്രത്തിന്റെ മാതൃക തയ്യാറായി. രാംലല്ലയുടെ പ്രതിഷ്ഠ നടക്കുന്ന ദിവസം വിപുലമായ ആഘോഷങ്ങളാണ് നഗരത്തിൽ നടത്താനൊരുങ്ങുന്നത്. ശ്രീരാം കൃപാ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ നടക്കുക.
ആദ്യ പരിപാടിയായി സെക്ടർ 23 സനാതൻ ധർമ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര നഗരത്തിലെ ഏറ്റവും വലിയ പന്തൽ ഒരുക്കിയിരിക്കുന്ന സെക്ടർ 34ൽ എത്തിച്ചേരുമെന്ന് രാം കൃപ സേവാ ട്രസ്റ്റ് അറിയിച്ചു. ശ്രീരാംകൃപ സേവാ ട്രസ്റ്റ് അംഗം പ്രദീപ് ബൻസാൽ, ജഗ്മോഹൻ ഗാർഗ്, മേയർ അനുപ് ഗുപ്ത, ഭജൻ സാമ്രാട്ട് കനയ്യ മിത്തൽ എന്നിവരാണ് പരിപാടിയുടെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. 500 വർഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ദീപാവലി ആഘോഷമായി പ്രതിഷ്ഠാ ചടങ്ങ് കൊണ്ടാടുമെന്ന് രാം കൃപ സേവാ ട്രസ്റ്റ് വ്യക്തമാക്കി. ശ്രീരാമനെ സ്തുതിക്കാനായി മഴുവൻ നഗരത്തെയും ഉൾക്കൊള്ളുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ സെക്ടർ 34ൽ ഒരുക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
‘എല്ലാ ജനങ്ങൾക്കും അയോദ്ധ്യയിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനാവില്ല അതുകൊണ്ട് തന്നെ അയോദ്ധ്യ ക്ഷേത്രത്തിന്റെ മാതൃക ചത്തീസ്ഗഢിൽ ഞങ്ങൾ ഒരുക്കി. ചത്തീസ്ഗഢിലെ ജനങ്ങളെല്ലാം ‘രാംലല്ലാ വാരം’ ആഘോഷിക്കുകയാണ്. ഇങ്ങനെയൊരു ദിവസത്തിനായി അഞ്ഞൂറ് വർഷങ്ങളാണ് കാത്തിരുന്നത്. സമൂഹം മുഴുവൻ പ്രതീക്ഷയിലാണ്. നമ്മുടെ ഇരുപത്തിയഞ്ചോളം തലമുറകൾ ഇതിനായി പോരാടുകയും ത്യാഗം സഹിക്കുകയും ചെയ്തു. എഴുപത്തിയഞ്ചോളം വർഷങ്ങൾ ഞങ്ങളുടെ പൂർവികർ കോടതിയിൽ നിയമയുദ്ധം നടത്തി. അവരിൽ പലരും ഇന്ന് ജീവനോടെയില്ല’- ചത്തീസ്ഗഢ് മേയർ അനുപ് ഗുപ്ത പറഞ്ഞു.
‘ഇപ്പോൾ പ്രഭു ശ്രീരാമന്റെ അതിരില്ലാത്ത കൃപ നമ്മിലേക്ക് എത്താൻ പോകുകയാണ്. ഈ ദിവസത്തിന് സാക്ഷിയാകാൻ കഴിഞ്ഞതിൽ ഞങ്ങൾ അതീവഭാഗ്യവാന്മാരാണ്. ശ്രീരാമന്റെ കൃപയിൽ ഞങ്ങളുടെ പ്രവർത്തനങ്ങളെല്ലാം നല്ലരീതിയിൽ പൂർത്തിയായി. ആഗസ്റ്റ് 5ന് രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടന്നു. ഇപ്പോൾ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനും സാക്ഷ്യം വഹിക്കാൻ പോകുന്നു. ഞങ്ങൾ സംതൃപ്തരും സന്തോഷവാന്മാരുമാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post