ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെ ക്ഷേത്രനഗരിയിൽ സന്ദർശനം നടത്തി കോൺഗ്രസ് നേതാക്കൾ.ഉത്തർപ്രദേശ് പി.സി.സി അദ്ധ്യക്ഷൻ അജയ് റായ്, യു.പി എം.എൽ.എ അഖിലേഷ് പ്രതാപ് സിംഗ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെ, ഹരിയാനയിലെ നേതാവും എംപിയുമായ ദീപേന്ദർ ഹൂഡ എന്നിവർ അയോദ്ധ്യയിലെ സരയൂ നദിയിൽ പുണ്യസ്‌നാനം നടത്തി. സംഘം അയോദ്ധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിന നടത്തി.
ക്ഷണം കോൺഗ്രസ് നിരസിച്ചതിനു പിന്നാലെ തങ്ങൾ ക്ഷേത്രം സന്ദർശിക്കുമെന്ന് യുപി കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. മകരസംക്രാന്തി ദിനമായ ഇന്ന് ഭഗവാൻ രാമനെ ദർശനം നടത്താനും സരയൂ നദിയിൽ പുണ്യസ്നാനം നിർവഹിക്കാനും സാധിച്ചതായി അജയ് റായ് പറഞ്ഞു. വിശ്വാസത്തിന്റെ പ്രതീകമാണ് രാമൻ. എല്ലാവരിലും രാമൻ വസിക്കുന്നു. മകരസംക്രാന്തി ദിനത്തിൽ രാമന്റെ അനുഗ്രഹം തേടിയാണ് തങ്ങൾ അയോദ്ധ്യയിലെത്തിയതെന്നും ദീപേന്ദർ ഹൂഡയും പ്രതികരിച്ചു.
ഉത്തർപ്രദേശിൽ ന്യായ് യാത്രയുമായി രാഹുൽ എത്തുമ്പോൾ ക്ഷേത്ര നഗരി സന്ദർശിക്കണമെന്ന നിർദ്ദേശം കോൺഗ്രസ് നേതാക്കളിൽ ചിലർ മുന്നോട്ട് വച്ചിരുന്നു.
Discussion about this post