അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ വൈകിട്ട് ദീപം തെളിയിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നും ആഹ്വാനം ചെയ്തതിന് ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഇടതുവാദികളും ഇസ്ലാമിസ്റ്റുകളും ചേർന്ന് നടത്തുന്നത്. കെ എസ് ചിത്രയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ നിരവധി പോസ്റ്റുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇവർ പ്രചരിപ്പിക്കുന്നത്. വിദ്വേഷ പ്രചാരണം നേരിടുന്ന കെഎസ് ചിത്രയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി.
സനാതന ധർമ്മത്തിൽ വിശ്വസിച്ചു എന്നത് കൊണ്ട് മാത്രമാണ് കെ എസ് ചിത്ര ഇടത് വാദികളുടെ സൈബർ ആക്രമണം നേരിടുന്നതെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. പ്രാണ പ്രതിഷ്ഠാദിനം രാജ്യം മുഴുവൻ ആഘോഷിക്കുമ്പോൾ പിണറായി ഭരണത്തിൽ കേരളത്തിൽ മാത്രം സൈബർ ആക്രമണമാണ് നടക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്രക്കെതിരെ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ പോലീസ് ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെ സുരേന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
സനാതന ധർമ്മത്തിൽ വിശ്വസിച്ചു എന്നത് കൊണ്ട് മാത്രമാണ് കെ എസ് ചിത്ര ഇന്ന് ഭീകരമായ സൈബർ ആക്രമണം നേരിടേണ്ടി വന്നത്. മലയാളത്തിന്റെ വാനമ്പാടിയെ അല്ലെങ്കിൽ ഈ ഇടത്- ജിഹാദി എക്കോ സിസ്റ്റം ആക്രമിക്കാൻ പിന്നെ കാരണമെന്താണ്? വിശ്വാസികളായ ആളുകളോട് അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഒരു വിളക്ക് വയ്ക്കാൻ അവർ അഭ്യർത്ഥിച്ചതിലെ തെറ്റ് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. കശ്മീർ മുതൽ കന്യാകുമാരി വരെയും, വടക്ക് കിഴക്ക് മുതൽ പടിഞ്ഞാറു വരെയും നാനാ മതസ്ഥർ, പല ഭാഷകൾ സംസാരിക്കുന്നവർ, പല ഭക്ഷണ രീതി പിന്തുടരുന്നവർ ഈ ദിനങ്ങൾ ആഘോഷകരമാക്കുമ്പോൾ ഇങ്ങ് പിണറായി ഭരണത്തിൽ നമ്മുടെ കേരളത്തിൽ മാത്രമാണ് വിശ്വാസികൾക്ക് നേരെ നീചമായ സൈബർ ആക്രമണം നടക്കുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു എന്ന് വീമ്പിളക്കുന്ന കോൺഗ്രസ്സ് ഇത് വരെ ഈ വിഷയത്തിൽ വാ തുറന്നിട്ടില്ല. സാമൂഹ്യമാധ്യമങ്ങളിൽ പിണറായിക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ അവരെ പിടിച്ചകത്തിടുന്ന പൊലീസ് എവിടെയാണിപ്പോൾ?ഈ സൈബർ ആക്രമണം നടത്തുന്ന ആളുകൾക്കെതിരെ കേരള പോലീസ് ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം. കെ എസ് ചിത്രയ്ക്ക് എല്ലാ വിധ പിന്തുണയും അറിയിക്കുന്നു .
Discussion about this post