മുത്തച്ഛൻ വിഷവൈദ്യനായിരുന്നെന്നും കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിച്ചിട്ടുണ്ടെന്നും നടി സ്വാസിക. വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിനിടെയായിരുന്നു നടി പഴയ കാര്യങ്ങൾ വെളിപ്പെടുത്തിയത്. തന്റെ വീട്ടിൽ പണ്ട് വിഷചികിത്സ നടത്തിയിട്ടുണ്ട്. അമ്മയുടെ മുത്തച്ഛൻ കടിച്ച പാമ്പിനെ വിളിച്ചു വരുത്തി വിഷമിറക്കുമായിരുന്നു. അമ്മയൊക്കെ അതിന് സാക്ഷിയാണെന്നും താരം അഭിമുഖത്തിനിടെ പറയുന്നുണ്ട്.
വിഷവൈദ്യത്തെക്കുറിച്ച് താരം പറഞ്ഞ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. സ്വാസികയെ അനുകൂലിച്ചും ട്രോളിയും പലരും രംഗത്ത് വന്നിട്ടുണ്ട്. അഭിമുഖത്തിനിടെ ഷൈൻ ടോം ചാക്കോയും സ്വാസികയെ പിന്തുണയ്ക്കുന്നുണ്ട്.
തന്റെ അമ്മയുടെ മുത്തച്ഛൻ വിഷവൈദ്യനായിരുന്നെന്നും അദ്ദേഹം കടിച്ച പാമ്പിനെ വിളിച്ച് വരുത്തി വിഷമിറക്കിയിട്ടുണ്ടെന്നും താരം പറയുന്നു. ഇതെല്ലാം നടക്കുന്ന കാര്യമാണ്. എന്റെ അമ്മയെല്ലാം അതിന് സാക്ഷിയാണ്. പക്ഷെ, ഇങ്ങനെ ചെയ്യുന്നത് കുടുംബത്തിന് ദോഷമാണ്. കുടുംബത്തിൽ പല പ്രശ്നങ്ങളും വരുമെന്നാണ് പറയുന്നത്. ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ബുദ്ധിമാന്ദ്യം വരെ സംഭവിക്കാറുണ്ട്. അത്തരത്തിൽ പല പ്രശ്നങ്ങൾ വന്നു തുടങ്ങിയപ്പോഴാണ് പിന്നീട് ആ ചികിത്സ നിർത്തിയത്. മുത്തച്ഛൻ മരിച്ചു. ഇപ്പോൾ ആരും ചികിത്സയൊന്നും ചെയ്യുന്നില്ല’- സ്വാസിക പറഞ്ഞു.
ആ പാമ്പ് തന്നെയാണോ വരുന്നത് എന്ന് സംശയം ചോദിച്ച ഷൈനിനോട്, എന്തായാലും പാമ്പ് വരുകയും കടിച്ച ഭാഗത്ത് നിന്നും വിഷമിറക്കി പോകുകയും ചെയ്യുന്നുണ്ടല്ലോ എന്നാണ് സ്വാസിക പറയുന്നത്. ആ സമയത്ത് വീടിന്റെ പുറകിലുള്ള തൊഴുത്ത് കത്തുമെന്നും താരം പറയുന്നു. ഇതെല്ലാം കേൾക്കുമ്പോൾ തള്ളാണെന്നും തമാശയാണെന്നുമെല്ലാം ആളുകൾക്ക് തോന്നാം. എന്നാൽ, എന്റെ കുടുംബത്തിൽ ഇതെല്ലാം സംഭവിച്ചതാണെന്നും താരം പറയുന്നു.
നടി പറഞ്ഞ കാര്യങ്ങളെ പിന്തുണച്ചുകൊണ്ടാണ് ഷൈൻ ടോം ചാക്കോയും സംസാരിക്കുന്നത്. അമ്മയുടെ മുത്തഛ്ചൻ അല്ലേ, അപ്പോൾ കുട്ടിക്കാലത്ത് അമ്മ ഇതെല്ലാം കണ്ടിട്ടുണ്ടാകാം. ഇങ്ങനെയുള്ള കാര്യങ്ങൾ ഞാനും കേട്ടിട്ടുണ്ട്. ആരെയെങ്കിലും പാമ്പ് കടിച്ചാൽ അവർക്ക് വേണ്ടി വിഷവൈദ്യന്മാർ കാത്തിരിക്കുമെന്നും കേട്ടിട്ടുണ്ട്. വിഷവൈദ്യന്മാർ കുളിയും പൂജയുമെല്ലാം കഴിഞ്ഞാണ് കിടക്കുക. എന്നാൽ ആർക്കെങ്കിലും വിഷം തീണ്ടിയിട്ടുണ്ടെന്ന് തോന്നിയാൽ ഇതെല്ലാം ചെയ്യാതെ അവർക്ക് വേണ്ടി വൈദ്യന്മാർ കാത്തിരിക്കും. അവർക്ക് അതിനുള്ള കഴിവുള്ളതുകൊണ്ടാകില്ലേ ഇതെല്ലാം സാധിക്കുന്നതെന്നും ഷൈൻ ചോദിക്കുന്നു.
Discussion about this post