ലക്നൗ: അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി ക്ഷേത്രങ്ങളിൽ ശുചീകരണ പ്രവൃത്തികൾ നടത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് ലക്നൗവിലെ ഹനുമാൻ ക്ഷേത്രം ശുചീകരിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. 76-ാമത് ഇന്ത്യൻ കരസേനാ ദിനം ആചരിക്കാനായി ലക്നൗവിൽ എത്തിയതായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെ ലക്നൗ സർവകലാശാലയ്ക്കടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ക്ഷേത്രം ശുചീകരിക്കുകയും പി്നീട് ക്ഷേത്ര ദർശനം നടത്തുകയും ചെയ്തു.
‘പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി നിങ്ങളുടെ ചുറ്റുമുള്ള ക്ഷേത്രങ്ങൾ ശുചീകരിക്കാനായി പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇന്ന് ലക്നൗവിലെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കാനും സ്വച്ഛ് തീർത്ഥ് കാമ്പയിനിലൂടെ ഹനുമാൻ ജിയെ സേവിക്കാനുമുള്ള അനുഗ്രഹം ലഭിച്ചു’- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
രാജ്യത്തെ ജനങ്ങൾക്കും രാമഭക്തർക്കും ഇതിനേക്കാൾ സന്തോഷകരമായ ഒരു ദിവസം ഇല്ലെന്ന് രാമപ്രതിഷ്ഠാ ചടങ്ങിനെക്കുറിച്ച് രാജ്നാഥ് സിംഗ് പറഞ്ഞു.
‘ജനുവരി 22ന് രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടക്കാൻ പോകുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾ ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തെ ജനങ്ങൾക്ക്, പ്രത്യേകിച്ച് രാമഭക്തർക്ക് ഇതിനേക്കാൾ സന്തോഷകരമായ ഒരു ദിവസം ഇല്ല’- ക്ഷേത്രം ശുചീകരണത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി.
പല സംസ്ഥാനങ്ങളുലെയും മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലെയും ക്ഷേത്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം, ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ ദേശീയ തലത്തിൽ ക്ഷേത്രങ്ങളിൽ ജനുവരി 22 വരെ നീണ്ടു നിൽക്കുന്ന ശുചീകരണ യജ്ഞം ആരംഭിച്ചിരുന്നു.
Discussion about this post