എറണാകുളം : ഇന്ന് സൗഭാഗ്യ ദിനം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ പൂർത്തിയാക്കിയ 4000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴാണ് ഇന്ന് സൗഭാഗ്യ ദിനമാണെന്ന് മോദി പരാമർശിച്ചത്. കേരളത്തിനായി നടത്തുന്ന വികസന പരിപാടികളിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ മോദി സന്തോഷം പ്രകടിപ്പിച്ചു.
വെല്ലിങ്ടൺ ഐലൻഡിൽ കൊച്ചി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, പുതുതായി നിർമ്മിച്ച ഡ്രൈ ഡോക്ക്, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിങ്ങനെയുള്ള 4000 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തത്. പുതിയ പദ്ധതികളോടെ കൊച്ചിൻ ഷിപ്പ് യാർഡിന്റെ ശേഷി പലമടങ്ങായി കേരളത്തിന്റെ വികസനത്തിന് പുതിയൊരു നാഴികക്കല്ലാവും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് യാർഡ് ആണ് കൊച്ചിയിൽ നിർമ്മിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയോടൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും പങ്കെടുത്തു. പദ്ധതി ഉദ്ഘാടനം ചെയ്യാൻ നേരിട്ട് എത്തിയതിന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു.
കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിലെ ഷിപ്പിംഗ് മേഖലയിൽ ഉണ്ടായത് വൻ കുതിച്ചുചാട്ടം ആണെന്ന് ഉദ്ഘാടന ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ പുതിയ പരിഷ്കരണ നടപടികൾ കാരണം തുറമുഖ മേഖലയിൽ വലിയ നിക്ഷേപങ്ങൾ ഉണ്ടായി. തൊഴിലവസരങ്ങൾ ഉയർന്നു. ചരക്ക് കപ്പലുകൾക്ക് കാത്തു കിടക്കേണ്ട സാഹചര്യങ്ങൾ ഒഴിവായതോടെ ചരക്ക് നീക്കം വേഗതയിൽ ആവുകയും ചെയ്തു. കൊച്ചിയിൽ നിർമ്മിച്ചിട്ടുള്ള പുതിയ ഡ്രൈ ഡോക്ക് രാജ്യത്തിന്റെ തന്നെ അഭിമാനമാണ്. ഇനി കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
Discussion about this post