ആലപ്പുഴ : ആലപ്പുഴയിൽ രാത്രിയിൽ പച്ചക്കറി തോട്ടത്തിൽ നിന്നും പച്ചക്കറികൾ മോഷണം പോയതായി പരാതി. ആലപ്പുഴ ചേർത്തലയിലെ യുവകർഷകൻ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന തോട്ടത്തിൽ നിന്നുമാണ് കഴിഞ്ഞ രാത്രി പച്ചക്കറി മോഷണം പോയത്. സംഭവത്തെ തുടർന്ന് കർഷകൻ പോലീസിൽ പരാതി നൽകി.
രണ്ടുലക്ഷത്തോളം രൂപ വില വരുന്ന തണ്ണിമത്തനും കുക്കുമ്പറും ആണ് മോഷണം പോയിരിക്കുന്നത്. ചാക്കുകളിൽ ആക്കിയാണ് ഇവ കടത്തിക്കൊണ്ടു പോയിരിക്കുന്നത്. ഏതാനും ചാക്കുകളും പറിച്ച തണ്ണിമത്തനുകളും ടോർച്ചുകളും കൃഷിയിടത്തിൽ ഉപേക്ഷിച്ച നിലയിലും കാണപ്പെട്ടിട്ടുണ്ട്. മോഷണത്തെ കുറിച്ച് കർഷകൻ ചേർത്തല പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വയലാർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ആണ് നന്ദകുമാർ എന്ന യുവകർഷകൻ പാട്ടത്തിന് എടുത്ത ഭൂമിയിൽ പച്ചക്കറി കൃഷി ആരംഭിച്ചിരുന്നത്. വിളവെടുപ്പിനായി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേ ആണ് കഴിഞ്ഞ രാത്രി തണ്ണിമത്തൻ, കുക്കുംബർ എന്നിവ വ്യാപകമായി മോഷ്ടിക്കപ്പെട്ടത്. ബാങ്കിൽ നിന്നും ഒന്നര ലക്ഷം രൂപ വായ്പയെടുത്താണ് നന്ദകുമാർ ഈ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ആരംഭിച്ചിരുന്നത്. മാസങ്ങൾ നീണ്ടു നിന്ന അധ്വാനമാണ് ഒറ്റ ദിവസം കൊണ്ട് കള്ളന്മാർ കൊണ്ടുപോയിരിക്കുന്നത്.
Discussion about this post