ലക്നൗ: രാംലല്ല തിരികെ ജന്മഭൂമിയിൽ എത്തുന്നതിനായി ഇനി ദിവസങ്ങൾ മാത്രം. വരാനിരിക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിനായി അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. രാജ്യമെമ്പാടും പ്രാണപ്രതിഷ്ഠ ആഘോഷമാക്കാനുള്ള ആവേശത്തിലാണ്. രാമമന്ത്ര മുഖരിതമാണ് അയോദ്ധ്യ. അയോദ്ധ്യയിലെവിടെയും ജയ് ശ്രീരാം വിളികൾ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. വഴിയോരങ്ങളിൽ നിന്നും വീടുകളിൽ നിന്നും കടകളിൽ നിന്നുമുൾപ്പെടെ ഒഴുകുന്ന രാമനാമത്താൽ അയോദ്ധ്യ ആത്മീയതയിൽ മുഴുകിക്കഴിഞ്ഞു. പാരമ്പര്യവും ആധുനികതയും ഇഴുകിച്ചേർന്ന പുതിയ അയോദ്ധ്യ അതിന്റെ അലങ്കാരത്തിലും സമ്പന്നമായ സംസ്കാരത്തിലും പ്രകടമാണ്.
വരുന്ന തിങ്കളാഴ്ച്ചയാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ പുതിയ അയോദ്ധ്യ ത്രേതായുഗത്തെ അനുസ്മരിപ്പിക്കുന്ന ഒന്നായി മാറി. വഴിയോരങ്ങളിലെ കടകളിലെല്ലാം പാറുന്ന രാമപതാകകൾ രാമഭക്തർക്കെല്ലാം മനംമയക്കുന്ന കാഴ്ച്ചയാണ്. രാംഘട്ടിൽ നിന്നും അയോദ്ധ്യയിലേക്ക് പ്രവേശിക്കുന്നവരെ വരവേൽക്കുന്ന നഗരത്തിന്റെ പ്രൗഢി ദീപാവലിയെ അനുസ്മരിപ്പിക്കുന്നു. അയോദ്ധ്യയുടെ കാറ്റിൽ ഒഴുകുന്ന ഇമ്പമേറിയ ഗാനങ്ങൾ രാമഭക്തരെ ആവേശത്തിലാഴ്ത്തുന്നു.
പാരമ്പര്യവും ആധുനികതയും ഒത്തിണങ്ങിയതാണ് പുതിയ അയോദ്ധ്യ. ഇത് അയോദ്ധ്യയിൽ സ്ഥാപിച്ചിരിക്കുന്ന തെരുവു വിളക്കുകളുടെ തൂണുകളിൽ നിന്ന് തന്നെ വ്യക്തമാകും. ഇത് നഗരത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുക മാത്രമല്ല, ശ്രീരാമന്റെ അമ്പിനെയും വില്ലിനെയും അനുസ്മരിപ്പിക്കുന്നത് കൂടിയാണ്. അയോദ്ധ്യയുടെ സൗന്ദര്യവൽക്കരണം ആരംഭിച്ചപ്പോൾ തന്നെ യോഗി ആദിത്യനാഥിന്റെ ലക്ഷ്യം ത്രേതായുഗത്തെ അനുസ്മരിപ്പിക്കുന്ന നഗരമാക്കി രാമനഗരിയെ മാറ്റണം എന്നതായിരുന്നു.
പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായ ചടങ്ങുകൾ ഇന്നലെ ആരംഭിച്ചിരുന്നു. തിങ്കളാഴ്ച്ച നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം 23ന് ക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് അറിയിച്ചു. തിങ്കളാഴ്ച്ച ഒരു മണിയോട് കൂടി പ്രാണപ്രതിഷ്ഠാ ചടങ്ങ് അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post