കൊച്ചി: ഇന്ന് രാവിലെയാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ശ്രേയസ്സ് മോഹനും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ബിജു മേനോൻ, ഖുശ്ബു, ഷാജി കൈലാസ്, ജയറാം, പാർവതി, ഷാജി കൈലാസ്, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിവർ പങ്കെടുത്തിരുന്നു. ചടങ്ങിലെ നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു.
എന്നാൽ ഇതിലൊരു ചിത്രം സോഷ്യൽ മീഡിയയിൽ പല രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. പ്രധാനമന്ത്രിയെ മോഹൻലാൽ വണങ്ങുകയും മമ്മൂട്ടി കൈകെട്ടി നിൽക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് ചർച്ചയ്ക്ക് കാരണമായത്. ഈ ചിത്രം പങ്കുവച്ച് പ്രതികരിച്ച ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാമിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്.
മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ചിത്രങ്ങൾ പങ്കുവെച്ച് ”വേറെ ആളെ നോക്ക്” എന്നാണ് ശീതൾ ചിത്രത്തിനൊപ്പം കുറിച്ചത്. ഇതിന് താഴെയാണ് ഗോകുൽ പ്രതികരിച്ചത്. ‘ചില ആളുകൾ ഇങ്ങനെയാണ്, പകുതി വിവരങ്ങൾ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛർദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി’,എന്നായിരുന്നു ഗോകുലിന്റെ കുറിപ്പ്.
ഇതിന് താഴെ മമ്മൂട്ടിയും അതേ വേദിയിൽ മോദിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്ന ചിത്രങ്ങളും പലരും പങ്കുവെച്ചിട്ടുണ്ട്.
Discussion about this post