രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 12 മുതൽ ഉപവാസത്തോടെ വ്രതം അനുഷ്ഠിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാണ പ്രതിഷ്ഠയുടെ തൊട്ടുമുൻപുള്ള മൂന്നു ദിവസങ്ങളിൽ പ്രധാനമന്ത്രി കഠിന വ്രതത്തിലേക്ക് കടക്കും. പ്രതിഷ്ഠാ ചടങ്ങുകൾ നിർവഹിക്കുന്നതിനായി കഠിനമായ ചിട്ടകൾ ആണ് അവസാന മൂന്ന് ദിനങ്ങളിൽ അനുഷ്ഠിക്കേണ്ടത്.
ഈ കഠിന വ്രതത്തിന്റെ ഭാഗമായി പ്രാണ പ്രതിഷ്ഠയ്ക്ക് മുൻപുള്ള മൂന്നു ദിനങ്ങളിൽ പ്രധാനമന്ത്രിക്ക് കിടക്ക ഉപേക്ഷിച്ച് മരത്തടിയിൽ ഉറങ്ങേണ്ടതായിട്ടുണ്ട്. അന്നേ ദിവസങ്ങളിൽ പഴവർഗ്ഗങ്ങൾ മാത്രമേ ഭക്ഷിക്കാവൂ എന്നും ചിട്ടയുണ്ട്. യമ വിധി പ്രകാരം ആണ് ഈ ദിവസങ്ങളിൽ പ്രധാനമന്ത്രി വ്രതം അനുഷ്ഠിക്കേണ്ടത്. ധാർമിക അച്ചടക്കമാണ് യമ വിധിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അഹിംസ, സത്യ, അസ്തേയ, ബ്രഹ്മചര്യം, അപരിഗ്രഹ എന്നിങ്ങനെയുള്ള ധാർമിക മൂല്യങ്ങൾ പാലിച്ച് ജീവിക്കുക എന്നുള്ളതാണ് യമ വിധി അർത്ഥമാക്കുന്നത്.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ക്ഷേത്ര സമുച്ചയത്തിൽ നിർമ്മിച്ചിട്ടുള്ള ജടായു വിഗ്രഹത്തിനും പ്രധാനമന്ത്രി പൂജ ചെയ്യും. ശ്രീരാമനായി ത്യാഗം ചെയ്ത ജീവിതമെന്ന സ്മരണയിലാണ് ജടായു വിഗ്രഹം ക്ഷേത്ര സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ളത്. രാമക്ഷേത്രത്തിനായി ജീവത്യാഗം ചെയ്ത കർസേവകരുടെ സ്മരണയുടെ പ്രതീകം കൂടിയായാണ് ജടായു വിഗ്രഹം ഇവിടെ പ്രാധാന്യത്തോടെ സ്ഥാപിച്ചിട്ടുള്ളത്. പ്രതിഷ്ഠാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ജടായു പൂജയിൽ രാമ ക്ഷേത്രത്തിനായി വീര മൃത്യു വരിച്ച കർസേവകരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തുന്നതാണ്. ക്ഷേത്ര നിർമ്മാണത്തിൽ പങ്കാളികളായ തൊഴിലാളികളെയും അന്നേദിവസം പ്രധാനമന്ത്രി വന്ദിക്കുന്നതാണ്.
Discussion about this post