ലക്‌നൗ: പ്രാണപ്രതിഷ്ഠാ ചടങ്ങിനായി ദിവസങ്ങൾ ബാക്കി നിൽക്കേ ശ്രീരാമ വിഗ്രഹം (രാംലല്ല) അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ എത്തിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് വിഗ്രഹം ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിലേക്ക് മാറ്റിയത്. വേദ മന്ത്രങ്ങളുടെ അകമ്പടിയോടെ ഈ വിഗ്രഹം യഥാസ്ഥാനത്ത് സ്ഥാപിക്കുന്നതോടെ പ്രാണപ്രതിഷ്ണ പൂർത്തിയാകും.
ഇന്നലെ വൈകീട്ട് ശ്രീകോവിലിനുള്ളിൽ പ്രത്യേകം പൂജ നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാമവിഗ്രഹം ശ്രീകോവിലിനുള്ളിൽ രാമവിഗ്രഹം എത്തിച്ചത്. ക്രെയിൻ ഉപയോഗിച്ചായിരുന്നു ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുവന്നത്. ജയ് ശ്രീരാം വിളികളോടെ ക്ഷേത്രം അധികൃതരും കൂടി നിന്നവരും വിഗ്രഹത്തെ വരവേറ്റു. രാമവിഗ്രഹം ട്രക്കിലാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചത്.
അതേസമയം പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള പൂജകൾക്ക് ഇന്നലെ തുടക്കമായി. ഇന്നലെ കലശ പൂജയായിരുന്നു നടന്നത്. ഞായറാഴ്ചവരെ ക്ഷേത്രത്തിൽ പൂജകൾ തുടരും. 121 ആചാര്യന്മാരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ വിവിധ പൂജകൾ പുരോഗമിക്കുന്നത്.
തിങ്കളാഴ്ച 12.20 നാണ് പ്രധാനമന്ത്രി ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നിർവ്വഹിക്കുക. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഒരു മണിവരെ തുടരും. 10,000 ത്തോളം അതിഥികൾ ആയിരിക്കും പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുക. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകും.
Discussion about this post