ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠക്കായി തന്റെ ഭർത്താവ് നിർമ്മിച്ച വിഗ്രഹം തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശത്തിലും അഭിമാനത്തിലുമാണ് ശിൽപ്പിയായ അരുൺ യോഗിരാജിന്റെ ഭാര്യ വിജേത. രാംലല്ലയുടെ വിഗ്രഹം പൂർത്തിയാക്കുന്നതിനിടയിൽ അരുൺ ഒരു യോഗിയെപ്പോലെയുള്ള വ്രതാനുഷ്ഠാനങ്ങളാണ് അനുഷ്ഠിച്ചിരുന്നതെന്ന് വിജേത പറയുന്നു. ഈ ആറ് മാസത്തോളം സാത്വിക ഭോജനം, പഴങ്ങൾ എന്നിവയിൽ ഭക്ഷണം പരിമിതപ്പെടുത്തിക്കൊണ്ടാണ് അരുൺ യോഗി രാജ് വ്രതമനുഷ്ഠിച്ചിരുന്നത്.
എംബിഎ ബിരുദധാരിയായ അർജുൻ ഈ മേഖല ഉപേക്ഷിച്ചാണ് ശിൽപ്പനിർമ്മാണ രംഗത്തേക്ക് കടന്നു വന്നത്. ശിൽപ്പവിദ്യയിൽ കുടുംബത്തിലെ അഞ്ചാമത്തെ തലമുറയിൽ പെട്ട അരുൺ യോഗി രാജ് തന്റെ പതിനൊന്നാം വയസിലാണ് ശിൽപ്പവിദ്യാ രംഗത്തേക്ക് കടന്നുവരുന്നത്. വളരെയധികം കഴിവുള്ള ആളാണ് അദ്ദേഹം. ഇങ്ങനെയൊരു സൗഭാഗ്യം ഞങ്ങളെ തേടിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. എന്നാൽ, എന്നെങ്കിലും അദ്ദേഹത്തിന്റെ കഴിവ് ലോകം മുഴവൻ അറിയപ്പെടണമെന്നും അംഗീകരിക്കണമെന്നും ആഗ്രഹിച്ചിരുന്നുവെന്നും വിജേത പറയുന്നു.
അരുൺ യോഗിയെ കുറിച്ച് ഞങ്ങൾക്കെല്ലാം അഭിമാനമുണ്ട്. ഞങ്ങളുടെ കുടുംബവും പാരമ്പര്യവും ഇപ്പോൾ വാനോളം ഉയരത്തിലാണ്. പ്രതിഷ്ഠാ ചടങ്ങിന് ശേഷം കുടുംബത്തോടൊപ്പം അയോദ്ധ്യയിലേക്ക് പോകണമെന്ന് തീരുമാനിച്ചിട്ടുണ്ട്. അരുൺ യോഗി രാജ് നിർമിച്ച രാമവിഗ്രഹം പ്രാണപ്രതിഷ്ഠക്കായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാജ്യത്തെ പല ഭാഗത്തു നിന്നുമുള്ള ആളുകൾ സനേഹം അറിയിച്ചിട്ടുണ്ട്. ധാരാളം ആളുകൾ വന്നുകാണുകയും അനുഗ്രഹം നൽകുകയും ചെയ്തുവെന്നും അവർ പറഞ്ഞു.
Discussion about this post