ചില പ്രത്യേക സാഹചര്യങ്ങളിൽ നമ്മുടെ ഉള്ളിലെ നന്മമരം ഒരു ആവശ്യവുമില്ലാതെ പുറത്തു വരാറുണ്ട്. പ്രത്യേകിച്ചും വഴിയിൽ ഒരാൾ അപകടം പറ്റി കിടക്കുകയാണെങ്കിൽ മനസ്സിൽ നന്മയുള്ള ഒരാൾക്കും അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. സമയവും സാഹചര്യവും ഒന്നും നോക്കാതെ അത്തരം ചില ഘട്ടങ്ങളിൽ നമ്മൾ ചെയ്യുന്ന സഹായങ്ങൾ ചിലപ്പോൾ നമുക്ക് തന്നെ തിരിച്ചു പണിയായി മാറാറുണ്ട്. അങ്ങനെ നല്ലൊരു മുട്ടൻ പണി കിട്ടിയതിനെ കുറിച്ച് ജിഷ്ണു ആലുവ എന്ന യുവാവ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. വഴിയിൽ ഒരാൾ അപകടം പറ്റി കിടന്നപ്പോൾ രക്ഷിക്കാൻ പോയ ജിഷ്ണുവിന്റെ കഥ ചിരിയോടൊപ്പം അല്പം ചിന്തയും പകരുന്നതാണ്.
ജിഷ്ണു ആലുവ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ഇന്നലെ വീട്ടിലേക്ക് പോകുന്ന വഴി റോഡിൽ ഒരു ബൈക്ക് കാരൻ അപകടം പറ്റി കിടക്കുന്നു. ചോരയൊന്നും വരുന്നില്ലെങ്കിലും അപകടത്തിന്റെ ആഘാതത്തിൽ പരിക്ക് പറ്റിയിട്ടാകണം ആൾക്ക് ബോധം നഷ്ടപ്പെട്ടിട്ടുണ്ട്. തട്ടി വിളിച്ചെങ്കിലും കണ്ണ് പോലും തുറക്കുന്നില്ല.
എന്നിലെ സഹജീവി സ്നേഹം ഉണർന്നു. കൂടിനിന്ന നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ ഞാനും സുഹൃത്തും കൂടി ആളെ കിട്ടിയ വാഹനത്തിൽ കയറ്റി ഹെഡ് ലൈറ്റ് ഇട്ട് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഏതോ VIP യുടെ യാത്രക്ക് വേണ്ടി തടഞ്ഞിട്ട സിഗ്നലും ഭേധിച്ച് വാഹനം കുതിച്ച് പാഞ്ഞു…
പോകുന്ന വഴി
വീണ്ടും തട്ടി വിളിച്ചെങ്കിലും ആള് കണ്ണ് പോലും തുറക്കുന്നില്ല. അവസാനം ഹോസ്പിറ്റൽ എത്താറായപ്പോൾ ലവൻ കണ്ണ് തുറന്നു. എന്താണ് നടന്നതെന്ന് ചോദിച്ചപ്പോൾ താങ്കൾക്ക് അപകടം പറ്റിയെന്നും ഞങ്ങൾ രക്ഷപ്പെടുത്താൻ വേണ്ടി ഹോസ്പിറ്റലിൽ കൊണ്ടുപോവുകയാണെന്നും ഭയപ്പെടാൻ ഒന്നുമില്ലെന്നുമുള്ള കരളലിയിക്കുന്ന സത്യം ഞാൻ വെളുപ്പെടുത്തി.
ഒരു നിമിഷം പകച്ച് പോയ ശേഷം ലവൻ മറ്റൊരു സത്യം ഞങ്ങളോട് വെളുപ്പെടുത്തി. കാര്യമായി മദ്യപിച്ചിട്ടുണ്ട്, കണ്ണ് പോലും തുറക്കാൻ വയ്യാതെയാണ് വണ്ടി ഓടിച്ചത് അങ്ങനെ സംഭവിച്ച അപകടമാണ്. ഡോക്ടറെ ഒന്നും കാണണ്ട അപകടം നടന്നിടത്ത് എത്തിച്ചാൽ മതി എങ്ങനെയെങ്കിലും വീട്ടിൽ പൊക്കോളാമെന്ന് ലവൻ. ഒരുപാട് നിർബന്ധിച്ചുവെങ്കിലും ലവൻ ഡോക്ടറെ കാണാൻ കൂട്ടാക്കിയില്ല. അവസാനം എന്തിന് അവനെ ഹോസ്പിറ്റലിലിൽ കൊണ്ടുവന്നു എന്ന ചോദ്യത്തിന് മുന്നിൽ എന്റെ എടുത്ത് ചാട്ടത്തെ ഓർത്ത് ഞാൻ ലജ്ജിച്ചു. ഇത്ര ദുരന്തമായി പോയല്ലോ ഞാൻ എന്ന പശ്ചാത്താപം എന്നെ വേട്ടയാടി.
ഞാനും സുഹൃത്തും വാഹനത്തിന്റെ ഡ്രൈവറും മുഖാമുഖം നോക്കി. വല്ലാത്തൊരു വള്ളിയായിപ്പോയല്ലോ എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു.
കുറേ നാൾക്ക് ശേഷം പിടിച്ച വള്ളിയായത് കൊണ്ട് ഒരു പുതുമയുണ്ടായിരുന്നു. സമയത്തിന് വിലമതിക്കാൻ സാധിക്കാത്ത ഈ കാലത്ത് എനിക്കും സുഹൃത്തിനും നഷ്ടപ്പെട്ട വിലപ്പെട്ട ഒന്നര മണിക്കൂർ ഓർത്ത് എന്റെ ഹൃദയം വിങ്ങി…
ഒന്നും നോക്കിയില്ല ലവനെ നേരെ വണ്ടിയിൽ പറുക്കിയിട്ട് നേരെ പോലീസ് സ്റ്റേഷനിലേക്ക് വണ്ടി വിട്ടു. മദ്യപിച്ച് വണ്ടി ഓടിച്ച് അപകടം ഉണ്ടാക്കിയത് ഉൾപ്പടെ കിട്ടാവുന്നതിൽ മാക്സിമം ഫൈൻ അടിച്ച് കൊടുക്കാൻ പോലീസുകാരനോട് അപേക്ഷിച്ച ശേഷം മനസമാധാനത്തോടെ വീട്ടിലേക്ക് മടങ്ങി…
പോലീസുകാർ കൃത്യമായി ഫൈൻ അടിച്ച് കൊടുത്ത് കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
ഇവനെപ്പോലുള്ളവർ ഉള്ളത് കൊണ്ടാണ് വഴിയിൽ ഒരു അപകടം നടന്നാൽ പോലും ആളുകൾ ഹോസ്പിറ്റലിൽ എത്തിക്കാൻ ഒരുനിമിഷം മടിക്കുന്നത്. ഇനി മേലാൽ ഇത് ആവർത്തിക്കരുത്.🏃🏻♂️
അല്ല പിന്നെ…
Discussion about this post