ചെന്നൈ: ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നടി ശ്രീവിദ്യയുടെ സഹോദരഭാര്യ വിജയലക്ഷ്മി. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോണി ഗണേഷിനാണെന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കൾക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും വിജയലക്ഷ്മി ആരോപിക്കുന്നു. ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആരോപണം.
കാൻസർചികിത്സയുടെ ഭാഗമായി കീമോ തെറപ്പിക്കു വിധേയയായ വേളയിൽ ശ്രീവിദ്യ പവർ ഓഫ് അറ്റോർണിയായി ഗണേഷ് കുമാറിനെ ചുമതലപ്പെടുത്തുന്ന വിൽപത്രം തയാറാക്കിയെന്നത് വിശ്വസിക്കാൻ പ്രയാസമാണ്. ശ്രീവിദ്യയുടെ നിരവധി സ്വത്തുക്കൾ വിൽപത്രത്തിൽ ഇല്ലെന്നും വിജയലക്ഷ്മി ആരോപിച്ചു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നൃത്ത വിദ്യാർഥികൾക്ക് ട്രസ്റ്റ് വഴി സഹായം നൽകണമെന്ന വിൽപത്രത്തിലെ പ്രധാന നിർദേശം നടപ്പാക്കിയിട്ടില്ല. 15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് ഡിപ്പോസിറ്റും 580 ഗ്രാം സ്വർണവും ഒന്നര കിലോഗ്രാം വെള്ളിയും കാറും അടക്കമുള്ള സമ്പാദ്യങ്ങളുള്ളതായി വിൽപത്രത്തിലുണ്ട്. ഇതിനെല്ലാം എന്തു സംഭവിച്ചെന്ന് അറിയില്ലെന്ന് സഹോദരഭാര്യ പറയുന്നു.രണ്ട് ജോലിക്കാർക്ക് ഓരോ ലക്ഷം രൂപ വീതവും, സഹോദര പുത്രന്മാർക്ക് 5 ലക്ഷം രൂപ വീതവും നൽകണമെന്നും നിർദേശിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് അവർ കുറ്റപ്പെടുത്തി.
സഹോദരൻ ശങ്കറിനെയും കുടുംബത്തെയും ശ്രീവിദ്യയിൽ നിന്ന് അകറ്റി നിർത്താൻ ഗണേഷ്കുമാർ ശ്രമിച്ചെന്നും വിജയലക്ഷ്മി ആരോപിച്ചു.കുടുംബാംഗങ്ങൾ നടിയെ അവസാന കാലത്ത് ഉപേക്ഷിച്ചെന്നത് കള്ളപ്രചാരണമാണെന്നും വിജയലക്ഷ്മി ചൂണ്ടിക്കാട്ടി.
Discussion about this post