ചെന്നൈ: അന്നപൂർണി സിനിമയുമായി ഉയർന്ന് വിവാദങ്ങളിൽ മാപ്പ് പറഞ്ഞ് തെന്നിന്ത്യൻ താരസുന്ദരി നയൻതാര.തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലാണ് താരം ക്ഷമാപണക്കുറിപ്പ് പങ്കുവെച്ചത്.
‘ജയ് ശ്രീ റാം’ തലക്കെട്ടോടെ ആരംഭിക്കുന്ന കുറിപ്പിൽ താൻ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടെയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നയൻതാര പറഞ്ഞു. സെൻസർ ബോർഡ് അനുമതിയുള്ള ചിത്രം ഒടിടിയിൽ എത്തുമ്പോൾ വിവാദമാകുമെന്ന് കരുതിയില്ല. താനും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും ആരുടേയും മതവികാരങ്ങളെ വൃണപ്പെടുത്തണമെന്ന് ചിന്തിച്ചിട്ടില്ല. രാജ്യത്തെമ്പാടുമുള്ള ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്ന ഒരു വിശ്വാസി എന്ന നിലയിൽ അത്തരമൊരു പ്രവർത്തി താൻ ചെയ്യുകയുമില്ലെന്ന് നടി പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടി നയൻതാരക്കെതിരെയും നെറ്റ്ഫ്‌ലിക്‌സ് അധികൃതർക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു. നെറ്റ്ഫ്‌ലിക്‌സിലെ അന്നപൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലാണ് കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദു സംഘടനകളാണ് പരാതി നൽകിയത്. സിനിമയ്‌ക്കെതിരെ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ നയൻതാര ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സിനിമ ‘അന്നപൂരണി’ നെറ്റ്ഫ്‌ലിക്‌സിൽ നിന്നും നീക്കം ചെയ്തിരുന്നു.
Discussion about this post