ലഖ്‌നൗ : ജനുവരി 22ന് പ്രാണപ്രതിഷ്ഠ നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഥാപിച്ച രാംലല്ല വിഗ്രഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. നാലര അടി ഉയരത്തിലാണ് രാംലല്ലയുടെ വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഒറ്റ ശിലയിലാണ് ഈ വിഗ്രഹം നിർമ്മിച്ചിട്ടുള്ളതെന്നതാണ് ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. യാതൊരുവിധ ബന്ധിപ്പിക്കലുകളോ കൂട്ടിച്ചേർക്കലുകളോ ഈ ശിലയിൽ നടത്തിയിട്ടില്ല.
വിഗ്രഹത്തിന് ചുറ്റുമായിട്ടുള്ള പ്രഭാവലയത്തിൽ മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളും കൊത്തിയെടുത്തിട്ടുണ്ട്. അതോടൊപ്പം ഓം, സ്വസ്തിക, ശംഖചക്രം എന്നിവയും ഈ രാമശിലയിൽ കൊത്തിയെടുത്തിട്ടുണ്ട്. മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് മാസങ്ങളോളം നീണ്ട തപസ്യയിലൂടെയാണ് രാംലല്ല വിഗ്രഹത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
രാം ലല്ലയുടെ വിഗ്രഹം ശ്രീകോവിലിലെ മണ്ഡപത്തിൽ പ്രതിഷ്ഠിച്ച ശേഷം വിഗ്രഹം, ശ്രീകോവിൽ, യാഗമണ്ഡപം എന്നിവ പുണ്യനദീജലത്താൽ അഭിഷേകം ചെയ്തു. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ജലപ്രതിരോധശേഷി കൈവരിച്ചിട്ടുള്ള കൃഷ്ണശിലയാണ് വിഗ്രഹം നിർമ്മിക്കുന്നതിനായി ഉപയോഗിച്ചിട്ടുള്ളത്. 200 കിലോയോളം ആണ് വിഗ്രഹത്തിന്റെ ഭാരം. കൈകളിൽ അമ്പും വില്ലുമേന്തി താമരപ്പൂവിൽ നിലകൊള്ളുന്ന രീതിയിലാണ് അഞ്ചുവയസ്സുകാരനായ രാംലല്ലയെ ശില്പി പൂർത്തീകരിച്ചിട്ടുള്ളത്.
രാമജന്മഭൂമി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ നാലാം ദിവസമായ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് അരണി മന്തനിൽ അഗ്നി പ്രകാശനം ചെയ്തുകൊണ്ടാണ് പൂജാ ചടങ്ങുകൾ ആരംഭിച്ചത്. വെള്ളിയാഴ്ച മുതൽ യാഗമണ്ഡപത്തിൽ ഹവനക്രിയകളും ആരംഭിക്കും. വേദമിത്രങ്ങൾക്ക് ബലിയർപ്പിക്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്. ഗണപതി പൂജയ്ക്ക് ശേഷമാണ് ഈ ചടങ്ങ് നടത്തുന്നത്. പൂജാ ചടങ്ങുകളിൽ ഇന്ന് വേദപാരായണം, ദേവപ്രബോധനം, ഔഷധിവ, കേസരധിവാസം, ഘൃതാധിവാസം, കുണ്ഡപൂജ, പഞ്ചഭുസംസ്കാരം എന്നിവയും നടത്തും.
Discussion about this post