ലക്നൗ: വരാനിരിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള തയ്യാറെടുപ്പിലാണ് അയോദ്ധ്യ. ചടങ്ങിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിലെത്തി. രാമക്ഷേത്രത്തിലെത്തിയ അദ്ദേഹം ആരതി സമർപ്പിക്കുകയും രാമനെ പ്രദക്ഷിണം ചെയ്യുകയും ചെയ്തു. ഹനുമാൻ ഗാർഹി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമാണ് അദ്ദേഹം രാമനഗരിയിലെത്തിയത്. രാമക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ചിത്രങ്ങൾ അദ്ദേഹം അസസമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
പതിനൊന്ന് ദിവസത്തിനിടെ മൂന്നാം തവണയാണ് യോഗി ഒരുക്കങ്ങൾ വിലയിരുത്തുവാൻ അയോദ്ധ്യയിലെത്തുന്നത്. സന്ദർശന വേളയിൽ ശ്രീരാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റ് അധികൃതരുമായി ഒരുക്കങ്ങളെ കുറിച്ച് സംസാരിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥർ ഒരുക്കങ്ങളുടെ പുരോഗതിയെക്കുറിച്ച് വ്യകക്തമാക്കി. ക്യാബിനറ്റ് മന്ത്രി സൂര്യ പ്രതാപ് ഷാഹി, സാംസ്‌കാരിക മന്ത്രി ജയ്‌വീർ സിംഗ്, മേയർ ഗിരീഷ് പതി ത്രിപാഠി, എംപി ലല്ലു സിംഗ്, എംഎൽഎമാരായ വേദ് പ്രകാശ് ഗുപ്ത, ഡോ അമിത് സിംഗ് ചൗഹാൻ, രാമചന്ദ്ര യാദവ് എന്നിവരും യോഗിയോടൊപ്പം ഉണ്ടായിരുന്നു.
ഇന്നലെയാണ് 51 ഇഞ്ച് വലുപ്പമുള്ള ശ്രീരാമന്റെ ബാലരൂപമായ വിഗ്രഹം ഗർഭഗൃഹത്തിൽ പ്രതിഷ്ഠിച്ചത്. ഇതിന് പിന്നാലെ വിഗ്രഹത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. വിശ്വ ഹിന്ദു പരിഷത്തിന്റെ മാദ്ധ്യമ ചുമതലയുള്ള ശരദ് ശർമയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഔഷദദിവസ്, കേസരദിവസ്, ദ്രിതാസ്ദിവസ്, പുഷ്പദിവസ് എന്നിവയും നടന്നിരുന്നു. ഇതിന് ശേഷം രാംലല്ലയെ കുങ്കുമപ്പൂവ്, ധാന്യങ്ങൾ എന്നിവകൊണ്ട് പൊതിഞ്ഞ് വയ്ക്കും. തിങ്കളാഴ്ച്ച വരെ ക്ഷേത്രം അടഞ്ഞുകിടക്കും. ഒരു മണിയോടെ പ്രാണപ്രതിഷ്ഠാ ചടങ്ങ് പൂർത്തിയാകും. വാരണാസിയിൽ നിന്നുള്ള ലക്ഷ്മീ കാന്ത് ദീക്ഷിത് ആണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുക. ചൊവ്വാഴ്ച്ച ക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.
Discussion about this post