പ്രാണപ്രതിഷ്ഠാ ചടങ്ങിന് രണ്ട് ദിനങ്ങൾ കൂടി മാത്രം അവശേഷിക്കേ രാംലല്ല വിഗ്രഹത്തിന്റെ പൂർണ്ണരൂപം വെളിപ്പെടുത്തി രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. നേരത്തെ വിഗ്രഹത്തിന്റെ കണ്ണു മൂടിയ നിലയിൽ ഉള്ള ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്ന പുതിയ ചിത്രങ്ങളിൽ രാംലല്ലയുടെ ചൈതന്യം നിറഞ്ഞ മുഖവും കൈകളിൽ സ്വർണ്ണം കൊണ്ട് നിർമ്മിച്ചിരിക്കുന്ന അമ്പും വില്ലും കാണാൻ കഴിയുന്നതാണ്.
നാലര അടി ഉയരത്തിലാണ് രാംലല്ലയുടെ വിഗ്രഹം നിർമ്മിച്ചിട്ടുള്ളത്. ഒറ്റ ശിലയിലാണ് ഈ വിഗ്രഹം നിർമ്മിച്ചിട്ടുള്ളതെന്നതാണ് ഏറ്റവും വലിയ മറ്റൊരു പ്രത്യേകത. യാതൊരുവിധ ബന്ധിപ്പിക്കലുകളോ കൂട്ടിച്ചേർക്കലുകളോ ഈ ശിലയിൽ നടത്തിയിട്ടില്ല.
വിഗ്രഹത്തിന് ചുറ്റുമായിട്ടുള്ള പ്രഭാവലയത്തിൽ മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളും കൊത്തിയെടുത്തിട്ടുണ്ട്.
അതോടൊപ്പം ഓം, സ്വസ്തിക, ശംഖചക്രം എന്നിവയും ഈ രാമശിലയിൽ കൊത്തിയെടുത്തിട്ടുണ്ട്. മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് മാസങ്ങളോളം നീണ്ട തപസ്യയിലൂടെയാണ് രാംലല്ല വിഗ്രഹത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
Discussion about this post