തൃശൂർ : നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിലായി. കർണാടക പോലീസും കേരള പോലീസും ഇയാളെ വർഷങ്ങളായി അന്വേഷിക്കുകയായിരുന്നു. തൃശ്ശൂർ കൊരട്ടിയിൽ നിന്നുമാണ് കോടാലി ശ്രീധരൻ പിടിയിലാകുന്നത്.
കുഴൽപ്പണക്കടത്ത് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ജാമ്യത്തിൽ ഇറങ്ങി മുങ്ങി നടക്കുകയായിരുന്നു. വെള്ളിയാഴ്ച തൃശൂരിൽ പാലിയേക്കര മുതൽ പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പോലീസ് പിടികൂടുന്ന സമയത്ത് ഇയാളുടെ കയ്യിൽ തോക്ക് ഉണ്ടായിരുന്നു. പിന്തുടരുകയായിരുന്ന പോലീസിന് നേരെ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
കർണാടകയിലും തമിഴ്നാട്ടിലും കേരളത്തിലും കോടാലി ശ്രീധരനെതിരെ നിരവധി ക്രിമിനൽ കേസുകൾ ആണുള്ളത്. നിരവധി രാഷ്ട്രീയ മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതിനാൽ പോലീസ് ഇയാൾക്കെതിരായി നടത്തുന്ന നീക്കങ്ങൾ പലപ്പോഴും ചോർന്നിരുന്നതാണ് ഇയാൾക്ക് വളരെ കാലമായി ഒളിവിൽ കഴിയാനായി സഹായകരമായത്. മുൻപ് തമിഴ്നാട് പോലീസ് ഇയാളെ പിടികൂടാനായി വീട്ടിലെത്തിയിരുന്ന സമയത്ത് വളർത്തു നായ്ക്കളെ അഴിച്ചുവിട്ടാണ് ഇയാൾ വീട്ടിൽ നിന്നും രക്ഷപ്പെട്ടത്. തുടർന്ന് ഇയാളുടെ സഹായിയായ എസ്ഡിപിഐ പ്രവർത്തകനെ പോലീസ് പിടികൂടിയിരുന്നു.
മലപ്പുറം കേന്ദ്രീകരിച്ച് ഒട്ടേറെ ഹവാല പണമിടപാടുകൾ നടത്തിയിട്ടുള്ളതായി പറയപ്പെടുന്ന ഇയാൾക്ക് കോടികളുടെ ആസ്തിയാണുള്ളത്. സ്പിരിറ്റ് കടത്ത്, തട്ടിപ്പ് കേസുകൾ എന്നിവയും ഇയാൾക്കെതിരായിയുണ്ട്. ഇയാൾക്കെതിരെ തമിഴ്നാട്ടിൽ ഏഴോളം കേസുകളും കർണാടകയിൽ പത്തോളം കേസുകളും കേരളത്തിൽ 30ലേറെ കേസുകളും ആണുള്ളത്.
Discussion about this post