ലക്‌നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയെ ക്ഷണിച്ച് രാമജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അധികൃതർ. അദ്ദേഹത്തിന്റെ വസതിയിൽ നേരിട്ട് എത്തിയായിരുന്നു ട്രസ്റ്റ് അംഗങ്ങൾ ക്ഷണക്കത്ത് കൈമാറിയത്. ഭഗവാൻ ശ്രീരാമൻ തന്നെ അയോദ്ധ്യയിലേക്ക് ക്ഷണിച്ചിരിക്കുന്നുവെന്ന് ഇതിന് പിന്നാലെ ഋഷഭ് പ്രതികരിച്ചു.
പ്രാണപ്രതിഷ്ഠയ്ക്കായി ക്ഷണം ലഭിച്ച വിവരം ഋഷഭ് ഷെട്ടി സമൂഹമാദ്ധ്യമത്തിലൂടെ ആയിരുന്നു പങ്കുവച്ചത്. പ്രാണപ്രതിഷ്ഠയ്ക്കായുള്ള ക്ഷണം സ്വീകരിക്കുന്നതിന്റെ ചിത്രവും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ശ്രീ രാമ ജയ രാമ ജയ് ജയ് രാമ….ബാല്യകാലം മുതലേ ശ്രീരാമഭഗവാന്റെ മന്ത്രം ഉരുവിട്ടും കഥ കേട്ടുമാണ് വളർന്നത്. ഇപ്പോൾ ശ്രീരാമൻ തന്നെ അയോദ്ധ്യയിലേക്ക് വിളിച്ചിരിക്കുകയാണ്. പ്രാണപ്രതിഷ്ഠയ്ക്കായി ക്ഷണം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ട്. ജയ് ശ്രീറാം- ഋഷഭ് ഷെട്ടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നിലവിൽ കാന്താര: ചാപ്റ്റർ 1 ന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട തിരക്കിലാണ് ഋഷഭ് ഷെട്ടി. എല്ലാവിധ തിരക്കുകളും മാറ്റിവച്ച് അദ്ദേഹം രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന് ട്രസ്റ്റ് അംഗങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
തിങ്കളാഴ്ചയാണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ . പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രാണപ്രതിഷ്ഠാ കർമ്മം നിർവ്വഹിക്കുന്നത്. അന്നേദിവസം രാജ്യമെമ്പാടും വൻ ആഘോഷപരിപാടികൾ ആണ് രാമഭക്തർ സംഘടിപ്പിക്കുന്നത്.
Discussion about this post