ന്യൂഡൽഹി : ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ഉച്ചയ്ക്ക് 2:30 വരെ അവധി പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഓഹരി വിപണിക്കും അതേസമയം വരെ അവധിയായിരിക്കും. സാധാരണ ദിവസങ്ങളിൽ 9 മണിക്ക് ആരംഭിക്കുന്ന ഓഹരി വിപണി പ്രതിഷ്ഠാദിനത്തിൽ 2:30ന് ശേഷം ആയിരിക്കും ആരംഭിക്കുക.
ജനുവരി 22ന് പൊതുമേഖലാ ബാങ്കുകൾക്കും ഉച്ചവരെ അവധിയായിരിക്കും. കൂടാതെ ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക റൂറൽ ബാങ്കുകൾ എന്നിവക്കും ഉച്ചവരെ അവധി നൽകിയിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട്, 1881 പ്രകാരമാണ് 2024 ജനുവരി 22-ന് പൊതു അവധി നൽകിയിരിക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. സർക്കാർ സെക്യൂരിറ്റികൾ (പ്രൈമറി, സെക്കൻഡറി), ഫോറിൻ എക്‌സ്‌ചേഞ്ച്, മണി മാർക്കറ്റുകൾ, രൂപ പലിശ നിരക്ക് ഡെറിവേറ്റീവുകൾ എന്നിവയിലും ജനുവരി 22ന് ഇടപാടുകളും സെറ്റിൽമെന്റുകളും ഉണ്ടാകില്ലെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ കാണുന്നതിനും പ്രാദേശികമായി നടത്തുന്ന പൂജാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ആയി സ്ഥാപനങ്ങളിലെ ഭൂരിഭാഗം ജീവനക്കാരും അവധി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് പ്രതിഷ്ഠ അച്ചടങ്ങുകൾ അവസാനിക്കുന്നത് വരെയുള്ള സമയത്തേക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇന്ത്യയിലും വിദേശത്തുമുള്ള പൊതു സ്ഥലങ്ങളിലെ വലിയ സ്‌ക്രീനുകളിൽ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുന്നതാണ്.
Discussion about this post