തിരുവനന്തപുരം : ഇലക്ട്രിക് ബസ് വിവാദത്തിൽ നിലപാട് വെളിപ്പെടുത്തി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഇലക്ട്രിക് ബസുകളെ കുറിച്ചുള്ള നിലപാടിനെ ആര്യ രാജേന്ദ്രൻ തള്ളി. തിരുവനന്തപുരം നഗരത്തിൽ സർവീസിനായി 60 ഇലക്ട്രിക് ബസ്സുകൾ നഗരസഭ വാങ്ങി നൽകിയിട്ടുണ്ട്. ഇനിയും 20 ബസ്സുകൾ കൂടി വാങ്ങും എന്നും ആര്യ വ്യക്തമാക്കി.
തലസ്ഥാന നഗരത്തെ കാർബൺ ന്യൂട്രൽ നഗരമാക്കുക എന്നുള്ളത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയമാണ്. അത് നടപ്പിലാക്കാൻ ആവശ്യമായ ചർച്ചകളും തീരുമാനങ്ങളും പദ്ധതികളുമായി നഗരസഭ ഭരണസമിതി മുന്നോട്ടു പോകുക തന്നെ ചെയ്യും എന്നും ആര്യ വ്യക്തമാക്കി. ഇലക്ട്രിക് ബസുകളുടെ സേവനങ്ങൾ ജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചതെന്നും ആര്യ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം നഗരത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ കൂടി വാങ്ങാനായി നഗരസഭ തയ്യാറെടുക്കുകയാണ്. ഇതിന്റെ പർച്ചേസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമായിട്ടുണ്ടെന്നും മേയർ അറിയിച്ചു. ഇലക്ട്രിക് ബസുകൾ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത് എന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ നേരത്തെ സിപിഎം എംഎൽഎ വികെ പ്രശാന്തും രംഗത്ത് വന്നിരുന്നു.
Discussion about this post