കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ചുളള ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് ജീവനൊടുക്കിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാനുളള ക്രൈംബ്രാഞ്ച് തീരുമാനത്തിനെതിരെ കുടുംബം. ലോക്കൽ പോലീസിന്റെ അന്വേഷണരീതി തന്നെ ക്രൈംബ്രാഞ്ചും പിന്തുടരുകയായിരുന്നുവെന്ന് വിശ്വനാഥന്റെ സഹോദരൻ ആരോപിച്ചു.
ജില്ലാ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വിശ്വനാഥന്റെ മരണം ആൾക്കൂട്ട വിചാരണ മൂലമല്ലെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയത്. ആൾക്കൂട്ട വിചാരണ നടന്നില്ലെന്നും വ്യക്തിപരമായ കാരണങ്ങളാൽ ആത്മഹത്യ ചെയ്തതാകാമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനെതിരെയാണ് കുടുംബം രംഗത്തെത്തിയത്. സ്വന്തം കുഞ്ഞിന്റെ മുഖം കണ്ടതിന് പിന്നാലെ ഒരാൾ എങ്ങനെയാണ് ആത്മഹത്യ ചെയ്യുകയെന്ന് കുടുംബം ചോദിക്കുന്നു.
ഒരു തിരക്കഥ തയ്യാറാക്കിയതുപോലെ ആയിരുന്നു ക്രൈംബ്രാഞ്ചിന്റെയും അന്വേഷണമെന്ന് സഹോദരൻ ആരോപിച്ചു. അടുത്ത ദിവസം കുഞ്ഞിനെയും കൊണ്ട് വീട്ടിൽ വരുമെന്ന് വിളിച്ചു പറഞ്ഞ ആളാണ് വിശ്വനാഥൻ. പിന്നെ എങ്ങനെയാണ് അയാൾക്ക് ജീവനൊടുക്കാൻ സാധിക്കുകയെന്നും സഹോദരൻ ചോദിച്ചു.
പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റാക്കിയ ഭാര്യയ്‌ക്കൊപ്പം എത്തിയ വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തടഞ്ഞുവെച്ച് വിചാരണ ചെയ്യുകയായിരുന്നു. ഭയന്ന് ആശുപത്രി പരിസരത്ത് നിന്ന് ഓടിപ്പോയ വിശ്വനാഥനെ പിന്നീട് സമീപത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സംഭവം. ലോക്കൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.
250 ലധികം ആളുകളുടെ മൊഴി പോലീസ് എടുത്തിരുന്നു. എന്നാൽ ഇതിലൊന്നും ആൾക്കൂട്ട വിചാരണ നടന്നതിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നാണ് വിശദീകരണം.











Discussion about this post