ലക്‌നൗ: രാമജന്മ ഭൂമിയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ അയോദ്ധ്യയില്‍ പഴുതടച്ച സുരക്ഷ. ലതാ മങ്കേഷ്‌കര്‍ ചൗക്കില്‍ ആര്‍പിഎഫ് സംഘത്തെ വിന്യസിച്ചു. സരയൂ നദിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളയില്‍ പട്രോളിംഗ് നടത്തുന്നുണ്ട്.
തീര്‍ത്ഥാടകരും ക്ഷണിക്കപ്പെട്ട പ്രമുഖ വ്യക്തികളും അയോദ്ധ്യയിലേക്ക് എത്തിത്തുടങ്ങിയതോടെ മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വിന്യസിച്ചിട്ടുണ്ട്. വിമാനത്താവളത്തിനുള്ളിലേക്കും പുറത്തേക്കും പോകുന്ന എല്ലാ വാഹനങ്ങളും കൃത്യമായി പരിശോധിക്കും.
പാസ് ഇല്ലാത്തവരെ ആരെയും വിമാനത്താവളത്തിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര ദുരന്ത നിവാരണ സേനയും അയോദ്ധ്യയില്‍ എത്തിയിട്ടുണ്ട്. മൂന്ന് എന്‍ഡിആഎഫ് സംഘങ്ങളാണ് അയോദ്ധ്യയില്‍ വിന്യസിച്ചിട്ടുള്ളത്.
നഗരത്തില്‍ പഴുതടച്ച സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ഐജി പ്രവീണ്‍ കുമാര്‍ പറഞ്ഞു.
‘പ്രാണപ്രതിഷ്ഠാ ചടങ്ങിനായി സന്ദര്‍ശകര്‍ ഇതിനകം അയോദ്ധ്യയില്‍ എത്തിത്തുടങ്ങി. ഡ്രോണ്‍ ക്യാമറകളും മനുഷ്യ ബുദ്ധിയും ഉപയോഗിച്ച് നഗരത്തില്‍ സൂഷ്മമായ നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. സുരക്ഷാ പ്രശനങ്ങളുള്ള എല്ലാ മേഖലകളും കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി.
Discussion about this post