ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓരോരുത്തരും. അഞ്ച് നൂറ്റാണ്ടായി ക്ഷമയോടെ കാത്തിരുന്ന ചരിത്ര മുഹൂർത്തം ഓരോ വിശ്വാസിയിലേക്കും എത്തിക്കാൻ മാദ്ധ്യമങ്ങളും തയ്യാറെടുത്തു കഴിഞ്ഞു. എന്നാൽ ഇതിനിടെ സമൂഹമാദ്ധ്യമങ്ങളിൽ ഹാക്കാർമാരും ചുറ്റിക്കറങ്ങുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. ഫോണിലേക്ക് അജ്ഞാതരുടെ നമ്പറിൽ നിന്നും വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ലൈവായി കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ എന്ന കുറിപ്പോട് കൂടിയാകും ഇത്തരം ലിങ്കുകൾ ഹാക്കർമാർ അയക്കുക. എന്നാൽ ഇതിൽ കയറിയാൽ വലിയ തലവേദനയാകും പിന്നീട് നമുക്ക് ഉണ്ടാകുക. നമ്മുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെയും ഫോണിന്റെയും നിയന്ത്രണം ഹാക്കാർമാരുടെ കയ്യിലാകും. ഇതിന് പുറമേ പണം നഷ്ടമാകാൻ ഉൾപ്പെടെ സാദ്ധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നു. ഇത്തരം ലിങ്കുകൾ ശ്രദ്ധയിൽപ്പെടുകയോ, അബദ്ധത്തിൽ ക്ലിക്ക് ചെയ്യുകയോ ചെയ്താൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ചില ലിങ്കുകൾ പ്രചരിക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിർദ്ദേശവുമായി രംഗത്ത് വന്നത്. സമൂഹമാദ്ധ്യമങ്ങൡ മന്ത്രാലയം നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാൻ കൺട്രോൾ റൂമുകളും തുറന്നു.
Discussion about this post