ഗുവാഹത്തി: ജയ് ശ്രീറാം വിളിച്ചു വരവേറ്റ ജനക്കൂട്ടത്തോട് ക്ഷുഭിതനായി വാഹനത്തിൽ നിന്ന് ചാടിയിറങ്ങി രാഹുൽ. ഭാരത് ന്യായ് യാത്രയ്ക്കിടെ അസമിലെ സോനിത്പൂരിൽ വെച്ചാണ് സംഭവം. രാഹുലിന്റെ ന്യായ് യാത്രാ ബസ് കടന്നുപോകുന്നതിനിടെ വഴിയിൽ ആളുകൾ കൂട്ടം കൂടിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ സംഘത്തിലുണ്ടായിരുന്നു.
ബസിൽ നിന്ന് ആളുകളോട് കൈവീശി യാത്ര തുടർന്ന രാഹുൽ ജയ് ശ്രീറാം വിളികൾ ഉച്ചത്തിൽ മുഴങ്ങിയതോടെ സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റ് ബസ് നിർത്താൻ ഡ്രൈവറോട് നിർദ്ദേശിച്ച് പുറത്തിറങ്ങുകയായിരുന്നു. ആളുകൾക്കിടയിലേക്ക് ഇറങ്ങിയ രാഹുൽ അവരോട് ക്ഷുഭിതരാകുന്നതും കാണാം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അസമിൽ ന്യായ് യാത്രയ്ക്കിടെ ബിജെപി പ്രവർത്തകർ അക്രമം നടത്തുന്നുവെന്ന രാഹുലിന്റെയും കോൺഗ്രസിന്റെയും ആരോപണത്തിന് പിന്നാലെയാണ് രാഹുൽ ക്ഷുഭിതനായി ജനക്കൂട്ടത്തിലേക്ക് ചാടിയിറങ്ങുന്ന വീഡിയോയും പുറത്തുവരുന്നത്.
വാഹനത്തിൽ നിന്ന് ഇറങ്ങിയ രാഹുൽ ജനക്കൂട്ടത്തിന് നേർക്ക് കയർക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സുരക്ഷാ ഉദ്യോഗസ്ഥർ സമയോചിത ഇടപെടലിലൂടെ രാഹുലിനെ പെട്ടന്ന് വാഹനത്തിലേക്ക് തിരിച്ചു കയറ്റുകയായിരുന്നു.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കാനുളള കോൺഗ്രസിന്റെ തീരുമാനം വിശ്വാസികളായ നിരവധി പാർട്ടി പ്രവർത്തകരിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് യാത്രയ്ക്ക് നേരെ ബിജെപി ആക്രമണം അഴിച്ചുവിടുകയാണെന്ന ആരോപണം രാഹുലും കോൺഗ്രസും നിരന്തരം ഉന്നയിക്കുന്നത്.
ജയ് ശ്രീറാം വിളിച്ച സംഘത്തിൽ കോൺഗ്രസ് പതാകയേന്തിയവരും ഉണ്ടായിരുന്നു. ജയ് ശ്രീറാം വിളികൾക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ജയ് വിളികൾ ഉയർന്നു. ഇതോടെയാണ് രാഹുൽ കൂടുതൽ പ്രകോപിതനായത്.
ഈ മാസം 18 നാണ് രാഹുലിന്റെ ന്യായ് യാത്ര അസമിൽ പര്യടനം തുടങ്ങിയത്. 25 വരെ സംസ്ഥാനത്ത് കൂടി ന്യായ് യാത്ര കടന്നുപോകും. മണിപ്പൂരിൽ നിന്ന് 14 നാണ് യാത്ര തുടങ്ങിയത്. മാർച്ച് 20 ന് മുംബൈയിലാണ് സമാപനം.
Discussion about this post