മലപ്പുറം : യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സയ്യിദ് മുഈനലി തങ്ങളെ ടെലിഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് എൽഡിഎഫ് എംഎൽഎയും മുൻമന്ത്രിയുമായ കെ ടി ജലീൽ. സയ്യിദ് മുഈനലി തങ്ങൾക്കെതിരായി ഉണ്ടായനീക്കം അങ്ങേയറ്റം അപലപനീയം ആണെന്ന് കെ ടി ജലീൽ അഭിപ്രായപ്പെട്ടു.
പാണക്കാട്ടെ കുട്ടികളിൽ ആരെയും ഒരാളും തൊടില്ലെന്നും ജലീൽ വെല്ലുവിളിച്ചു. കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാൻ ഉടൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും കെ ടി ജലീൽ ആവശ്യപ്പെട്ടു. മുഈനലി തങ്ങളെ വീൽചെയറിൽ ആക്കുമെന്ന് ഏതോ ഒരു അധമൻ പുലമ്പിയിട്ട് മണിക്കൂറുകൾ പിന്നിട്ടു. ഗുരുത്വക്കേട് തട്ടി വീൽചെയറിൽ ആകുന്നത് ആരാണെന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നും ജലീൽ സൂചിപ്പിച്ചു.
പാണക്കാട് തങ്ങൾമാർക്കെതിരെ വധഭീഷണി ഉയർത്താൻ ഒരാളും ഇന്നോളം തയ്യാറായിട്ടില്ല. എന്നിരിക്കെ മുഈനലി തങ്ങൾക്കെതിരായി ഉണ്ടായ നീക്കം അങ്ങേയറ്റം അപലപനീയമാണ്. ഞങ്ങളെയൊക്കെ വീൽചെയറിൽ ആക്കിയ ശേഷമേ മുഈനലി തങ്ങളെ വീൽചെയറിൽ ആക്കാൻ ഏതൊരുത്തനും സാധിക്കൂ. ഫോണിൽ ഭീഷണി മുഴക്കിയവരും മുഴക്കിപ്പിച്ചവരും അത് മറക്കേണ്ട എന്നും കെ ടി ജലീൽ വെല്ലുവിളിച്ചു.
Discussion about this post