രാം കുമാർ കോഠാരിയും ശരത് കുമാർ കോഠാരിയും അധികമാരും കേൾക്കാത്ത രണ്ടുപേരുകൾ, കൊൽക്കത്തയിലെ ബാരാ ബസാർ പ്രദേശത്ത് ജനിച്ചുവളർന്ന ചെറുപ്പക്കാർ. രാജസ്ഥാനിൽ നിന്ന് കൊൽക്കത്തയിലേക്ക് കുടിയേറിയ മാർവാടി കുടുംബത്തിൽപ്പെട്ടവരായിരുന്നു ഈ കുട്ടികൾ.ചെറുപ്പം മുതലെ ദേശീയതയോടൊപ്പം ചേർന്ന് നിന്ന ആ സ്വയം സേവകർ അയോദ്ധ്യാ പരിക്രമണത്തിനായുള്ള ആഹ്വനം അത്യാഹ്ലാദത്തോടെയാണ് എതിരേറ്റത്.
1990ലെ ദീപാവലി നാളുകളായിരുന്നു അത്. അവരുടെ ഒരേ ഒരു സഹോദരിയായ പൂർണിമയുടെ വിവാഹ നിശ്ചയം നടന്നതും ആ സമയത്ത് തന്നെ .ആ വർഷം തന്നെ വിവാഹം നടത്താനായിരുന്നു കുടുംബത്തിൻറെ തീരുമാനം. ഒരു വശത്ത് അയോദ്ധ്യയിലെ കർസേവയ്ക്കായുള്ള തയ്യാറെടുപ്പുകൾ , ജീവൻപോയാലും കർസേവയിൽ പങ്കെടുക്കണമെന്നത് കോഠാരി സഹോദരൻമാരുടെ ഉറച്ച തീരുമാനം ആയിരുന്നു. എന്നാൽ തങ്ങളുടെ കുഞ്ഞുപെങ്ങളുടെ വിവാഹത്തിന് നാട്ടിലില്ലാതിരിക്കുന്നത് ഇരുവർക്കും സങ്കല്പിക്കാൻ ആകുന്നതിലും അധികവും.
അവരുടെ കോളനിയിലും അയോദ്ധ്യയിലേക്കുള്ള ശിലകൾ പൂജയ്ക്കായി എത്തിതുടങ്ങി. അന്തരീക്ഷം രാമമന്ത്ര മുഖരിതമായി . കോഠാരി സഹോദരരർക്ക് അടങ്ങിയിരിക്കാനാകുമായിരുന്നില്ല. രാമജൻമഭൂമി പ്രക്ഷോഭത്തിലേക്ക് അവർ സ്വയം ഇറങ്ങിപുറപ്പെട്ടു. ആർഎസ്എസിൻറെയും വിശ്വഹിന്ദുപരിഷതിൻറെയും നേതൃത്വത്തിൽ ഏതാണ്ട് നൂറോളം സ്ഥലങ്ങളിൽ അവർ ശ്രീരാമജ്യോതി പൂജ സംഘടിപ്പിച്ചു. മരണംപോലും സംഭവിക്കാവുന്ന ഈ സാഹസത്തിലേക്ക് തനറെ സഹോദരൻമാർ യാത്രയാകുന്നത് പൂർണ്ണിമയ്ക്കും സഹിക്കാനാവുമായിരുന്നില്ല.
സഹോദരിയുടെ വിവാഹത്തിന് മുൻപ് തിരിച്ചെത്താം എന്നവർ മാതാപിതാക്കൾക്ക് ഉറപ്പും നൽകി. ഒരാൾമാത്രം കർസേവയ്ക്ക് വന്നാൽ മതി എന്ന് പ്രദേശിക സംഘ നേതൃത്വവും അവരോട് ആവശ്യപ്പെട്ടു. എന്നാൽ ഞങ്ങൾ രാമലക്ഷ്മണൻമാരാണെന്നും ഈ പുണ്യകർമ്മത്തിൽ പങ്കെടുക്കുന്നത് ഒരുമിച്ചായിരിക്കുമെന്നും ഇരുവരും ഉറച്ചുനിന്നു.
കൊൽക്കത്തയിൽ നിന്ന് വാരണാസയിലേക്കുള്ള തീവണ്ടിയിൽ അവർ യാത്രതുടങ്ങി.കർസേവകർക്ക് തലയിൽ കെട്ടാൻ സംഘാടകർ നൽകിയ ഷാളിൽ ഇരുവരും പേനകൊണ്ട് കഫാൻ എന്ന് വലിയ അക്ഷരത്തിൽ എഴുതിവെച്ചു. ശവക്കച്ച എന്നാണ് അതിനർത്ഥം. വാരണാസിയിലെത്തിയ അവർ കുറച്ചുദൂരം കൂടി മറ്റൊരു വാഹനത്തിൽ യാത്ര ചെയ്തെങ്കിലും പോലീസ് അവരെ തടഞ്ഞു. നൂറോളം പേരുള്ള അവരുടെ സംഘം അവിടെ നിന്ന് കാൽനടയായി അയോദ്ധ്യയിലേക്ക് യാത്ര ചെയ്തു. യാത്രയിലുടനീളം ഗ്രാമഗ്രാമാന്തരങ്ങളിൽ ജനങ്ങൾ അവരെ സ്വീകരിച്ചു. അവർക്ക് വെള്ളവും ഭക്ഷണവും നൽകി. തങ്ങളുടെ കുടിലുകളിലേക്ക് വിശ്രമിക്കാൻ ക്ഷണിച്ചു. ഏതാണ്ട് 200 കിലോമീറ്റർ കാൽനടയായാണ് അവർ അയോദ്ധ്യയിലെത്തിയത്.
ഒരു പരുന്തുപോലും അയോദ്ധ്യയ്ക്ക് മുകളിൽ പറക്കില്ല എന്ന മുലായം സിംഗിൻറെ ഗർവ്വിനുമുൻപിലേക്കാണ് അവർ നടന്നെത്തിയത്. ലാത്തിചാർജും കണ്ണീർവാതകപ്രയോഗവും കൊണ്ടാണ് പോലീസ് അവരെ നേരിട്ടത്. പോലീസിൻറെ എല്ലാ എതിർപ്പുകളെയും അതിജീവിച്ച് കോഠാരി സഹോദരൻമാരാൽ നയിക്കപ്പെട്ട ആ സംഘം രാമജൻമഭൂമിക്കുള്ളിൽ കയറുക തന്നെ ചെയ്തു.
ആ പവിത്രമായ ഭൂമിയിൽ അവർ വിജയത്തിൻറെ അടയാളമായി കാവി ധ്വജം നാട്ടി. നവംബർ രണ്ടാം തീയ്യതി വീണ്ടും രാമജൻമഭൂമിയിലെത്തിയ കർസേവകർ മന്ദിരത്തിന് ചുറ്റും കൂടിയിരുന്ന് ഭജനകളും രാമമന്ത്രവും ജപിക്കുകയായിരുന്നു. കോഠാരി സഹോദരരും കാര്യകർത്താക്കളായി അവിടെ ഉണ്ടായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ സമാധാനപരമായി ഭജനകൾ പാടിയിരുന്ന കർസേവകരുടെ നേർക്ക് പെട്ടെന്നാണ് മുലായം സിംഗിൻറെ പോലീസ് വെടിയുതിർത്തത്.
ശരദ് കോഠാരിക്കാണ് ആദ്യം വെടിയേറ്റത്. അനുജന് അപകടം പറ്റിയത് കണ്ട് ഓടിയടുത്ത രാം കോഠാരിക്ക് നേരെയും പോയിൻറെ് ബ്ലാങ്കിൽ നിന്ന് പോലീസ് വെടിയുതിർത്തു. ഇരുവരും സംഭവസ്ഥലത്തു തന്നെ ജീവത്യാഗം ചെയ്തു. അന്ന് അൻപത് കർസേവകരാണ് പോലീസ് വെടിവെയ്പിൽ വീരബലിദാനികളായത്.
പുറം ലോകം കാണുന്നതിന് മുൻപ് കയ്യിൽകിട്ടിയ ശീരരങ്ങളെല്ലാം ഒരു വണ്ടിയിൽ കയറ്റി സരയൂ നദിയിൽ കൊണ്ടു ചെന്നു തള്ളി മുലായത്തിൻറെ പോലീസ്. ആ പോലീസ് വണ്ടി എത്തുന്നതിന് മുൻപ് തന്നെ കോഠാരി സഹോദരരുടെ കൂടെവന്ന സുഹൃത്ത് സംഭവസ്ഥലത്ത് നിന്ന് അടുത്തുള്ള ഒരു കുടിലിലേക്ക് ഇരുവരുടെയും ഭൌതികദേഹം ഒളിപ്പിച്ചുവെച്ചു. അയോദ്ധ്യാവാസികൾ അദ്ദേഹത്തെ സഹായിച്ചു. അയോദ്ധ്യാ വാസികളുടെയും ഉറ്റ സുഹൃത്ത് രാജേഷിൻറെയും നേതൃത്വത്തിൽ അവിടെ ഒരു ശ്മശാനത്തിൽ കോഠാരി സഹോദരരുടെ ഭൌതിക ദേഹങ്ങൾ അഗ്നിയിൽ വിലയം പ്രാപിച്ചു.
തൻറെ സഹോദരർ രാമജൻമഭൂമിയ്ക്കായി വീരത്യാഗം ചെയ്ത കഥയറിഞ്ഞ പൂർണിമ നിശ്ചയിച്ച വിവാഹം വേണ്ടെന്നു വെച്ചു. അയോദ്ധ്യയിൽ ശ്രീരാമദേവനു വേണ്ടി ഭവ്യമായ മന്ദിരം ഉയരുന്നത് വരെ താൻ വിവാഹം കഴിക്കുകയില്ല എന്ന് പ്രതിജ്ഞ ചെയ്തു.
രണ്ടു വർഷം കഴിഞ്ഞ് തർക്ക മന്ദിരത്തിൻറെ സ്ഥാനത്ത് താത്ക്കാലിക ക്ഷേത്രം ഉയർന്ന് അവിടെ രാം ലല്ലയുടെ പൂജകളും സമാരംഭിച്ചു. താത്ക്കാലിക ക്ഷേത്രം യഥാർത്ഥ ക്ഷേത്രമാകാൻ അധികകാലമില്ലെന്നും സഹോദരരുടെ ജീവത്യാഗം വെറുതെ ആകില്ലെന്നും, സംഘത്തിൻറെയും വിഎച്പിയുടെയും മുതിർന്ന നേതാക്കൾ പൂർണിമയ്ക്ക് വാക്കുകൊടുത്തു.
ധർമ്മ സമരത്തിൽ വീരസ്വർഗ്ഗം പൂകിയവരുടെ ജീവ ത്യാഗം വെറുതെ ആയില്ല. ഇന്ന് ആ സഹോദരുടെ ചോര വീണ് കുതിർന്ന മണ്ണിൽ രാമക്ഷേത്രത്തിൻറെ ഗോപുരങ്ങൾ ഉയരുകയാണ്. അയോദ്ധ്യയിലെ പുതിയ രാജവീഥിക്ക് കോഠാരി സഹോദരുടെ നാമമാണ് യോഗി ആദിത്യനാഥ് നൽകിയത്. പ്രാണ പ്രതിഷ്ഠാ കർമ്മത്തിന് മുന്നോടിയായി രാം ലല്ലയുടെ എഴുന്നള്ളത്ത് ആ രാജവീഥിയിലൂടെ കടന്നുപോകുമ്പോൾ വീരസ്വർഗ്ഗത്തിലിരുന്ന് അന്ന് ജീവൻ വെടിഞ്ഞ ധീരബലിദാനികൾ പുഷ്പവൃഷ്ടി നടത്തും.
അതിന് സാക്ഷിയായി പൂർണ്ണിമ കോഠാരിയോടൊപ്പം വീര്യത്യാഗം ചെയ്തവരുടെയെല്ലാം ഉറ്റബന്ധക്കളും അയോദ്ധ്യയിലുണ്ടാവും………………. വീരസ്വർഗ്ഗത്തിൽ ഇന്ന് ദീപാവലിയായിരിക്കും………………….
Discussion about this post