തിരുവനന്തപുരം ജില്ലയിലെ ആണ്ടൂർകോണത്ത് മംഗലത്തു ഭവനത്ത് മാധവൻപിള്ളയുടെയും തങ്കമ്മയുടെയും രണ്ടാമത്തെ മകന് ശേഖരൻ നായർ . ഭാരതത്തിൻറെ തന്നെ അദ്ധ്യാത്മിക ജ്യോതിസ്സായി അവൻ മാറുമെന്ന് ആരും കരുതിയിട്ടുണ്ടായിരുന്നില്ല. വിദ്യാഭ്യാസം പൂർത്തിയാക്കിയ കാലം ഹിമാലയത്തിൽ നിന്ന് വന്ന ഒരു സന്യാസിയെ ശേഖരൻ പരിചയപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഹിമാലയ പര്യടനം നടത്തണമെന്ന് ആ ചെറുപ്പക്കാരന് അതിയായ ആഗ്രഹമുണ്ടായി.
വീട്ടുകാരും സുഹൃത്തുക്കളുമെല്ലാമെതിർക്കും എന്നുള്ളത് കൊണ്ട് ഹിമാലയ യാത്രയെക്കുറിച്ച് അദ്ദേഹം ആരോടും ഒന്നും സംസാരിച്ചില്ല. യാത്രപുറപ്പെടുന്നതിന് തലേ ദിവസം ബ്രഹ്മശ്രീ നീല കണ്ഠ ഗുരുപാദർ ഒരാളെ പറഞ്ഞയച്ച് ഉടനെ തന്നെ തൻറെ ആശ്രമത്തിലേക്ക് എത്തിചേരാൻ ശേഖരൻ നായരോട് നിർദേശിച്ചു. ആശ്രമത്തിലെത്തിയ ശേഖരനോട് ഗുരു പറഞ്ഞു, അവിടെ ഉള്ളതൊക്കെ ഇവിടെയും ഉണ്ട്. ഇവിടെ ഇല്ലാത്തതൊന്നും അവിടെയുമില്ല.
താൻ രഹസ്യമായി സൂക്ഷിച്ച ഹിമാലയ യാത്രയെപറ്റി തൻറെ ഗുരുനാഥൻ എങ്ങനെ അറിഞ്ഞു എന്ന് ശേഖരന് ആശ്ചര്യമൊന്നും തോന്നിയില്ല ,.ആ ഗുരുശിഷ്യ ബന്ധം അങ്ങനെയായിരുന്നു. ഗുരുവിന് മുന്നിൽ സർവ്വം സമർപ്പിച്ച ശേഖരൻ ആ അദ്ധ്യാത്മിക ജ്യോതിസ്സിൻറെ കാവൽക്കാരനായി. കേരള നവേത്ഥാനത്തിൻറെ സിംഹഗർജ്ജനമായി മാറി.
കാലത്തിന് മുൻപേ നടന്ന കർമ്മയോഗി, സ്വാമി സത്യാനന്ദ സരസ്വതി. ആലസ്യത്തിലാണ്ട ഹിന്ദു സമാജത്തെ ഉയർത്തെഴുന്നേൽപ്പിച്ച മഹാ മനീഷി. തൻറെ ചരിത്ര നിയോഗമായ കർമ്മപഥത്തിൽ ഹൈന്ദവ പുനരുത്ഥാരണത്തിൻറെ തുടക്കം കുറിച്ചു. ഹിന്ദുത്വത്തിൻറെ ആന്തരികമായ ദുർബലതയ്ക്ക് പരിഹാരം കാണാനും അതിൻറെ ബാഹ്യമായ ഭീഷണികളെ നേരിടാനും സ്വാമിജി മുന്നിട്ടിറങ്ങി .
കണ്ണൂരിലെ കൊട്ടിയൂരിനടുത്തുള്ള പാലുകാച്ചി മല. കൊട്ടിയൂർ ക്ഷേത്രത്തിൻറെ ഭാഗമായ ആ മലയിലെ പുരാതനമായ ശ്രീരാമ ആഞ്ജനേയ വിഗ്രഹങ്ങൾ ആരോ തകർത്തതോടെയാണ് കേരളത്തിൽ ധർമ്മകാഹളത്തിനറെ ഒരദ്ധ്യായത്തിന് തുടക്കമായത്. പുനപ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങളുമായി സ്വാമിജിയുടെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് പാലുകാച്ചിയിൽ വരെ ഇന്ത്യയിലെ തന്നെ ആദ്യത്തെ ശ്രീരാമ രഥയാത്ര നടന്നു. സ്വാമിജിയുടെ ധൈര്യവും അഭിമാന ബോധവും ഹൈന്ദവ മനസ്സുകളിൽ പരിവർത്തനത്തിൻറെ സ്വാധീനം ശക്തമാക്കി. അയോദ്ധ്യാ പ്രസ്ഥാനത്തിന് വേണ്ടി വിശ്വഹിന്ദു പരിഷത് പോലും രഥയാത്രകൾ നടത്തിയത് അതിന് ശേഷമായിരുന്നു. പ്രതിഷ്ഠാ കർമ്മം കഴിഞ്ഞ് മൂന്നു മാസം കഴിയും മുൻപ് ആസുരശക്തികൾ വീണ്ടും ആ ദേവവിഗ്രഹങ്ങൾ തകർത്തു.
ഉടഞ്ഞ വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള നിമഞ്ജന വിലാപയാത്ര സ്വാമിജിയുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ നിന്ന് കന്യാകുമാരിയിലേക്ക് തിരിച്ചപ്പോൾ, ഏവരെയും അത്ഭുതപ്പെടുത്തികൊണ്ട് അദ്ദേഹം ഒരു പ്രഖ്യാപനം നടത്തി. ഈ വിലാപ യാത്ര തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിന് മുൻപ് ഈ അധർമ്മത്തിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്ത പികെ വാസുദേവൻനായരുടെ മന്ത്രി സഭ നിലം പതിക്കും. അല്ലെങ്കിൽ നാമിനി ആശ്രമത്തിൽ കാലുകുത്തുകയില്ല.
കൊല്ലത്ത് എത്തുന്നത് വരെയും സ്വാമിജി ഈ പ്രഖ്യാപനം ആവർത്തിച്ചുകൊണ്ടിരുന്നു. കൊല്ലത്ത് സമാപന സമ്മേളനം കഴിഞ്ഞ ഉടനെ യാതൊരു ഭീഷണിയുമില്ലാതിരുന്ന പികെവിയുടെ മന്ത്രിസഭയ്ക്ക് ഘടകകക്ഷികൾ പിന്തുണ പിൻവലിച്ചു.. അതായിരുന്നു സത്യാനന്ദ സരസ്വതിയുടെ തപോബലം.
ഇവിടെ ഹിന്ദുവിനൊരു നേതാവുണ്ടോ എന്ന കെ.കരുണാരൻറെ ധാർഷ്ട്യം നിറഞ്ഞ ചോദ്യത്തിന് ഫോണെടുത്ത് മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച്, ഇവിടെ ഹിന്ദുവിനൊരു നേതാവുണ്ടെന്നും ആ നേതാവിൻറെ പേരാണ് സത്യാനന്ദ സരസ്വതിയെന്നും പറയുമ്പോൾ അനാഥത്വത്തിൻറെ അടിമത്വത്തിൽ നിന്ന് ഹിന്ദു മോചിപ്പിക്കപെടുകയായിരുന്നു. നിലയ്ക്കൽ സമരം മുതൽ അയോദ്ധ്യ പ്രക്ഷോഭം വരെ സ്വാമി സത്യാനന്ദ സരസ്വതി മുന്നിൽ നിന്നു. മാർഗ്ഗദർശക മണ്ഠലത്തിലെ ദക്ഷിണ മണ്ഠലേശ്വരാനായിരുന്ന സ്വാമിജി വിഎച്പിയുടെ നേതൃത്വത്തിൽ നടന്ന അയോദ്ധ്യ പ്രക്ഷോഭത്തിൽ കേരളത്തിലെ ഹൈന്ദവ മനസ്സുകളെ തൊട്ടുണർത്തി, ഇവിടെ രാമതരംഗമുയർത്തി.
ഗ്രാമഗ്രാമാന്തരങ്ങളിൽ സ്വാമിജി നടത്തിയ പ്രഭാഷണങ്ങൾ ഒരു കൊടുങ്കാറ്റായി മാറി. അയോദ്ധ്യയിൽ ക്ഷേത്രം പണിഞ്ഞിരുക്കുമെന്ന് ആദ്യം ഉറപ്പിച്ച് പറഞ്ഞത് സത്യാനന്ദ സരസ്വതിയാണ്. ഇതിനായി ശ്രീരാമനവമി രഥയാത്ര മൂകാംബികയിൽ നിന്ന് കന്യാകുമാരിയിലേക്ക് എല്ലാ വർഷവും നടത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. രാമായണവുമായി ബന്ധമുള്ള കേരളത്തിലെ സങ്കേതങ്ങളെ പരിരക്ഷിക്കുവാൻ കോദണ്ഡ രാമപ്രതിഷ്ഠയും ശബരീപീഠവും സ്ഥാപിച്ചു.
സാക്ഷാൽ ആഞ്ജനേയ സ്വാമികൾ അവതാരാമായതോ, എന്നു തോന്നിപ്പിക്കുന്ന ജീവിതമായിരുന്നു സ്വാമികളുടേത്. ഹൈന്ദവ ഏകീകരണത്തിനായി ഹിന്ദു ഐക്യവേദി സ്ഥാപിച്ച് നമ്പൂതിരിമുതൽ നായാടിവരെയുള്ളവരുടെ ആത്മീയ ഗുരുവായി അദ്ദേഹം. യാതൊരു പൊടിപ്പും തൊങ്ങലുമില്ലാതെ കർക്കശമായ സത്യം ഒട്ടും മറച്ചുവെക്കാതെ അദ്ദേഹം തുറന്ന് സംസാരിച്ചു. ആ ചാട്ടുളിയേറ്റ് പിടഞ്ഞ അനേകം കപടതകൾ കേരളത്തിൻറെ പൊതുബോധത്തിലുണ്ടായിരുന്നു.
രാമക്ഷേത്ര പുനർനിർമ്മാണ സമിതിയുടെ അദ്ധ്യക്ഷനായിരുന്ന മഹന്ത് രാമ ചന്ദ്രദാസ് പരമഹംസർ സമാധിയായപ്പോൾ തൻറെ ശപഥം പിച്ചളയിൽ കൊത്തിവെച്ച് ശ്രീരാമജൻമഭൂമിയിൽ സ്ഥാപിച്ചു സത്യാനന്ദ സരസ്വതി. രാമക്ഷേത്രം പുനർനിർമ്മിക്കും എന്ന ഉറപ്പായിരുന്നു ആ ശപഥം. ജഗത്ഗുരു സത്യാനന്ദ സരസ്വതി സ്വാമികൾ 2006ൽ ഭൌതിക ദേഹം വിട്ടെങ്കിലും സാധനാനിഷ്ഠ തികഞ്ഞവരുടെ ശപഥങ്ങൾ മരണമില്ലാതെ നിലകൊള്ളും. അതിൻറെ പൂർണ്ണതയാണ് ജനുവരി 22 ന് നടക്കുന്ന പ്രാണപ്രതിഷ്ഠ. രാമലല്ലയ്ക്ക് മുകളിൽ അനുഗ്രഹമായി ആ പ്രഭാവലയമുണ്ടാകും.
Discussion about this post