ലക്‌നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി അയോദ്ധ്യയിൽ എത്തിയ സന്യാസിവര്യരെയും വിശിഷ്ട വ്യക്തിത്വങ്ങളെയും സ്വാഗതം ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിങ്ങളുടെ സാന്നിദ്ധ്യം രാമരാജ്യത്തിനായുള്ള തങ്ങളുടെ സമർപ്പണത്തിന് ശക്തി പകരുെമന്ന് അദ്ദേഹം പറഞ്ഞു. പ്രാണപ്രതിഷ്ഠയ്ക്കായി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി അയോദ്ധ്യയിൽ എത്തിച്ചേർത്ത സന്യാസിവര്യർക്കും, മതനേതാക്കൾക്കും, വിശിഷ്ട വ്യക്തിത്വങ്ങൾക്കും സ്വാഗതം. നിങ്ങളുടെ മഹനീയ സാന്നിദ്ധ്യം രാമരാജ്യത്തിനായുള്ള ഞങ്ങളുടെ സമർപ്പണത്തിന് ശക്തിപകരും- യോഗി ട്വിറ്ററിൽ കുറിച്ചു.
ഇന്ന് ഉച്ചയ്ക്ക് 12.20 ഓട് കൂടിയാണ് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കാണ് ഈ മഹനീയ കർമ്മം നിർവ്വഹിക്കുന്നതിനുള്ള ചരിത്ര നിയോഗം. ഇതിനായി അദ്ദേഹം രാവിലെ ഉത്തർപ്രദേശിൽ എത്തും. പ്രാണപ്രതിഷ്ഠയുടെ ഭാഗമായുള്ള ആഘോഷപരിപാടികൾ 10 മണിയോട് കൂടി ആരംഭിക്കും. പ്രാണപ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് പൊതുഅവധിയാണ്.
പതിനായിരത്തോളം പേരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത്. പ്രാണപ്രതിഷ്ഠയ്ക്കായി അയോദ്ധ്യയിൽ എത്തിയ ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. രാഷ്ട്രീയ, നേതാക്കൾ, ക്രിക്കറ്റ് താരങ്ങൾ എന്നിവർക്കും രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്.
Discussion about this post