എറണാകുളം : നടൻ ശിവാജി ഗണേശന്റെ മകനും നടനുമായ പ്രഭുവിന്റെ നേരിട്ടുള്ള അഭ്യർത്ഥനയെ തുടർന്ന് ടോവിനോ തോമസ് നായകനാകുന്ന നടികർ തിലകം എന്ന സിനിമയുടെ പേര് മാറ്റി. തമിഴകത്ത് ശിവാജി ഗണേശൻ അറിയപ്പെട്ടിരുന്ന പേരായിരുന്നു നടികർ തിലകം എന്നുള്ളത്. ടോവിനോ തോമസും സൗബിൻ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ പേരിനെ ചൊല്ലി നേരത്തെ തന്നെ തമിഴ്നാട്ടിലെ ശിവാജി ഗണേശൻ ആരാധകർക്കിടയിൽ വിമർശനം ഉയർന്നിരുന്നു. ഒരു കോമഡി ചിത്രത്തിന് നടികർ തിലകം എന്ന പേരിടുന്നത് ശിവാജി ഗണേശനോടുള്ള അവഹേളനമാണെന്ന് ചൂണ്ടിക്കാട്ടി ശിവാജി ഗണേശൻ ആരാധകർ താര സംഘടനയായ അമ്മയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
നടനും സംവിധായകനും ആയ ലാലിന്റെ മകൻ ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ആയിരുന്നു നടികർ തിലകം എന്ന പേര് നിശ്ചയിച്ചിരുന്നത്. ശിവാജി ഗണേശൻ ആരാധകരുടെയും അദ്ദേഹത്തിന്റെ മകൻ പ്രഭുവിന്റെയും അഭ്യർത്ഥന മാനിച്ച് ചിത്രത്തിന്റെ പേരിൽ മാറ്റം വരുത്തി നടികർ എന്ന് മാത്രമാക്കി മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന സിനിമയുടെ ടൈറ്റിൽ റിവീലിംഗ് ചടങ്ങിൽ നടൻ പ്രഭു നേരിട്ട് പങ്കെടുത്തു.
മൈത്രി മൂവി മേക്കേഴ്സിന്റെ വൈ. നവീനും വൈ. രവി ശങ്കറിനോടുമൊപ്പം, അലൻ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നൽകുന്ന ഗോഡ്സ്പീഡും ചേർന്നാണ് നടികർ നിർമ്മിക്കുന്നത്. ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ ഭാവനയാണ് നായികയായി എത്തുന്നത്. സുവിൻ സോമശേഖരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Discussion about this post