ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി ഇന്ന്. ഇതിന് മുന്നോടിയായി പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് പറയാനുള്ളതാകും കോടതി കേൾക്കും. ഇതിന് പുറമേ ഇവരുടെ മാനസിക നില സംബന്ധിച്ച റിപ്പോർട്ടും കോടതി പരിശോധിക്കും. ഇതിന് ശേഷമാകും ശിക്ഷ വിധിയ്ക്കുക.
കഴിഞ്ഞ ദിവസം വാദിഭാഗത്തിന്റെ വാദം പൂർത്തിയായിരുന്നു. ഇതേ തുടർന്നാണ് പ്രതികൾക്ക് പറയാനുള്ളത് കേൾക്കാൻ ഇന്ന് കോടതി തീരുമാനിച്ചത്. ഇതിന് പുറമേ ഇവരുടെ മാനസിക നില പരിശോധിക്കാനും കോടതി പോലീസിന് നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് പ്രതികളുടെ പരിശോധന നടത്തിയത്.
മാലേവിക്കര അഡീഷണൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. 15 പോപ്പുലർ ഫ്രണ്ട് ഭീകരരാണ് കേസിലെ പ്രതികൾ. വാദത്തിനിടെ പ്രതികൾ ചേർന്ന് നിഷ്ഠൂരമായാണ് രൺജീത്തിനെ കൊലപ്പെടുത്തിയത് എന്ന് കോടതി നിരീക്ഷിച്ചിരുന്നു. എട്ട് പേർക്കെതിരായ കൊലക്കുറ്റവും തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ജീവപര്യന്തത്തിൽ കുറയാത്ത ശിക്ഷ പ്രതികൾക്ക് ലഭിക്കാനാണ് സാദ്ധ്യത.
കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം എന്നായിരുന്നു പ്രോസിക്യൂന്റെ ആവശ്യം. എന്നാൽ വധ ശിക്ഷ നൽകരുത് എന്ന് പ്രതിഭാഗം കോടതിയോട് നിർദ്ദേശിച്ചിട്ടുണ്ട്.












