ചെങ്ങമനാട്; രാമക്ഷേത്രത്തെയും അയോദ്ധ്യയിൽ പൂജിച്ച അക്ഷതത്തെയും അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട നാടൻ പാട്ട് കലാസംഘത്തിന്റെ പരിപാടി റദ്ദാക്കി ക്ഷേത്രഭാരവാഹികൾ. കാഞ്ഞൂർ നാട്ടുപൊലിമ എന്ന നാടൻ പാട്ട് കലാസംഘത്തിന്റെ പരിപാടിയാണ് റദ്ദാക്കിയത്. പാട്ട് സംഘത്തിന് നേതൃത്വം നൽകുന്ന പ്രശാന്ത് പങ്കൻ നാട്ടുപൊലിമയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഭക്തരുടെ വ്യാപക പ്രതിഷേധത്തിനിടയാക്കിയത്.
‘പള്ളി തകർത്ത് അമ്പലം പണിതിടത്ത് കയറിയിരിക്കുന്ന ദൈവമെങ്ങനെ മര്യാദപുരുഷോത്തമനാകും’ എന്നതുൾപ്പെടെ ഹൈന്ദവ വിശ്വാസികളുടെ മതവികാരത്തെ പൂർണമായി വ്രണപ്പെടുത്തുന്നതായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. ചെങ്ങമനാട് മുനിക്കൽ ഗുഹാലയ ക്ഷേത്രത്തിൽ തൈപ്പൂയ കാവടിയാട്ട മഹോത്സവത്തോടനുബന്ധിച്ചാണ് ഇവരുടെ പരിപാടി ബുക്ക് ചെയ്തിരുന്നത്. ഇതാണ് റദ്ദാക്കുന്നതായി സംഘാടകർ വ്യക്തമാക്കിയത്.
രാമക്ഷേത്രത്തിനെതിരെ വളരെ മോശമായി സോഷ്യൽ മീഡിയ വഴി പ്രതികരണങ്ങൾ നടത്തിയ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് ക്ഷേത്ര സമിതിയുടെ വിശദീകരണം. ക്ഷേത്രങ്ങൾക്കെതിരെ പറയുന്നവന്റെ പരിപാടി ക്ഷേത്രത്തിൽ വേണ്ട എന്ന് തീരുമാനിച്ച ക്ഷേത്ര ഭരണ സമിതിക്ക് അഭിനന്ദനങ്ങളുമായി ഭക്തരും ഒന്നാകെ രംഗത്തെത്തിക്കഴിഞ്ഞു.
അയോദ്ധ്യയിൽ കുടിയിരുത്തപ്പെടുന്നത് ഗാന്ധിയുടെ രാമനല്ലെന്നും ഗോഡ്‌സെയുടെ രാഷ്ട്രീയ രാമനാണെന്നും ഉൾപ്പെടെയുളള പരാമർശങ്ങളാണ് പ്രാണ പ്രതിഷ്ഠയുടെ പശ്ചാത്തലത്തിൽ പ്രശാന്ത് പങ്കൻ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തിയത്. കലാകാരൻ എന്ന നിലയിൽ എല്ലാ വിഭാഗത്തെയും അംഗീകരിക്കാനുളള സാമാന്യമര്യാദ പോലും ഇയാൾ കാണിച്ചില്ലെന്ന വിമർശനം സമൂഹമാദ്ധ്യമങ്ങളിൽ ശക്തമായിരുന്നു. ഇത് കൂടി കണക്കിലെടുത്തായിരുന്നു ക്ഷേത്ര ഭാരവാഹികളുടെ തീരുമാനം. ഇതിന് പകരം വേറെ പരിപാടി നടത്തുമെന്നും മുനിക്കൽ ഗുഹാലയ ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി.
Discussion about this post