ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിന ആഘോഷങ്ങൾക്കായുള്ള അവസാനഘട്ട ഒരുക്കത്തിലാണ് തലസ്ഥാനം. ആഘോഷങ്ങൾക്ക് മുന്നോടിയായി തലസ്ഥാനത്ത് 8000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. വിവിധ തരത്തിലുള്ള സാങ്കേതിക വിദ്യകളുൾപ്പെടെ ഉപയോഗിച്ചാണ് ഡൽഹിയിൽ സുരക്ഷയൊരുക്കിയിരിക്കുന്നത്.
റിപ്പബ്ലിക്ക് ദിനത്തിന്റെ ദിവസം ഉണ്ടാകുന്ന പ്രശനങ്ങൾ നേരിടുന്നതിനായി കുത്യമായ സുരക്ഷാ നടപടികൾ എടുത്തിട്ടുണ്ട്. വിവിധ സംഘങ്ങളുടെ റിഹേഴ്‌സലുകളും പരിശീലനങ്ങളും പൂർത്തിയായിട്ടുണ്ട്. പരിപാടിക്കായി 8000ത്തോളം സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും ഡിസിപി ദേവേഷ് കുമാർ അറിയിച്ചു.
അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങളെ റിപ്പബ്ലിക്ക് ദിന പരിപടിയിലേക്ക് കൊണ്ടു വരരുതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ വിവിധ ഭാഗങ്ങളിലുടനീളം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരിലും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു – ശ്രീനഗർ ദേശീയപാതയിൽ സിആർപിഎഫ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെക്ക്പോയിന്റുകളിൽ വാഹനങ്ങൾ കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ കടത്തിവിടൂ. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പട്രോളിംഗ് സംഘങ്ങൾ ദേശിയപാതകളിൽ പരിശോധന നടത്തുന്നുണ്ട്. നിലവിൽ പ്രദേശത്തെ സാഹചര്യങ്ങൾ സാധാരണമാണെന്നും ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ടെന്നും സിആർപിഎഫ് അറിയിച്ചു.
റിപ്പബ്ലിക്ക് ദിന പരേഡിൽ ഇത്തവണ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകളാണ്. വിജയ് ചൗക്കിലൈ കർത്തവ്യ പഥിൽ ജനുവരി 26ന് രാവിലെ 10.30 മുതൽ 12.10 വരെയാണ് പരിപാടി നടക്കുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ആണ് വിശിഷ്ടാതിഥി. 13000 അതിഥികളെയാണ് പരേഡ് കാണാനായി ക്ഷണിച്ചിട്ടുള്ളത്.
Discussion about this post