ചെന്നെ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠക്ക് പോയത് വിശ്വാസത്തിന്റെ ഭാഗമായാണെന്ന് നടൻ രജനികാന്ത്. ക്ഷേത്രത്തിൽ പോയതിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ല. രാംലല്ലയെ ആദ്യം ദർശിച്ച 150 പേരിൽ ഒരാൾ ഞാൻ ആയതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എനിക്ക് മഹത്തായ ദർശനം ലഭിച്ചു. രാംലല്ലയെ ആദ്യം ദർശിച്ച 150 പേരിലൊരാളായതിൽ വലിയ സന്തോഷമുണ്ട്. ഇത് എന്റെ വിശ്വാസമാണ്. ഇതിൽ രാഷ്ട്രീയമില്ല. ഒരു കാര്യത്തിൽ പലർക്കും പല അഭിപ്രായമാകും ഉണ്ടാകുക. ആ അഭിപ്രായങ്ങൾ സ്വന്തം അഭിപ്രായവുമായി യോജിക്കണമെന്നില്ല’- അദ്ദേഹം വ്യക്തമാക്കി.
കായിക താരങ്ങളും, സിനിമാ താരങ്ങളും വ്യവസായ രംഗത്തെ പ്രമുഖരുമുൾപ്പെടെ നിരവധി പേരാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തിയത്. പ്രാണപ്രതിഷ്ഠക്ക് ശേഷം രാമക്ഷേത്രം തുറന്നതോടെ പതിനായിരക്കണക്കിന് ഭക്തർ അയോദ്ധ്യയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ആദ്യ ദിനം അഞ്ച് ലക്ഷത്തോളം പേരാണ് രാംലല്ല ദർശനത്തിന് എത്തിയത്. ഉത്തർപ്രദേശ് പോലീസിന്റെയും കേന്ദ്രസേനയുടെയും 8000 ലധികം ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായി മാത്രം അണിനിരക്കുന്നത്.
രാവിലെ ഏഴ് മുതൽ 11.30 വരെയും ഉച്ചക്ക് രണ്ട് മുതൽ ഏഴ് വരെയുമാണ് സന്ദർശകർക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ കഴിയുക. കാലാവസ്ഥ പോലും പരിഗണിക്കാതെയാണ് ഭക്തർ ഒഴുകിയെത്തുന്നത്. ശൈത്യ കാലമായതിനാൽ തന്നെ കൊടും തണുപ്പ് പോലും വകവയ്ക്കുന്നില്ല.
Discussion about this post