ന്യൂഡൽഹി : കേരളത്തിൽ ഗവർണർക്ക് സുരക്ഷാ വീഴ്ച ഉണ്ടായതിൽ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് തേടി കേന്ദ്രസർക്കാർ. സംസ്ഥാന ചീഫ് സെക്രട്ടറി സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തതിന് തൊട്ടു പിന്നാലെയാണ് കേന്ദ്രസർക്കാർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരിക്കുന്നത്.
കേരള ഗവർണർക്ക് കേന്ദ്രസർക്കാർ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയതോടെ ശനിയാഴ്ച വൈകിട്ട് സിആർപിഎഫ് സംഘം രാജ്ഭവനിൽ എത്തി ഗവർണറുടെ സുരക്ഷ ഏറ്റെടുത്തു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ഭാഗമായുള്ള ബുള്ളറ്റ് വാഹനവും ഉടൻതന്നെ രാജ്ഭവനിൽ എത്തിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൊല്ലം നിലമേലിൽ വെച്ച് ശനിയാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധവും അക്രമവും ഉണ്ടായതാണ് പുതിയ സംഭവവികാസങ്ങൾക്ക് കാരണമായത്. കേരള പോലീസിന്റെ ഭാഗത്തുനിന്നും സ്ഥിരമായി ഉണ്ടാകുന്ന സുരക്ഷാവീഴ്ചയെ കുറച്ച് ഗവർണർ തന്നെ നേരിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
ഗവർണറുടെ പരാതിയിൽ കാര്യം ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വൈകാതെ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള ഗവർണർക്ക് കേന്ദ്രസേനയിൽ നിന്നും ഉള്ള സുരക്ഷ ഏർപ്പെടുത്തുകയായിരുന്നു. തുറന്ന് ശനിയാഴ്ച വൈകിട്ട് മുപ്പതോളം വരുന്ന സിആർപിഎഫ് സംഘം രാജ്ഭവനിൽ എത്തി ഗവർണറുടെ സുരക്ഷ ഏറ്റെടുത്തു.
Discussion about this post