ലക്‌നൗ: ജ്ഞാൻവാപി മസ്ജിദും പരിസരവും ഹിന്ദു വിശ്വാസികൾക്ക് തിരികെ നൽകാൻ മുസ്ലീങ്ങൾ തയ്യാറാകണമെന്ന് വിഎച്ച്പി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ നടത്തിയ സർവ്വേയിൽ ജ്ഞാൻവാപിയിൽ നിന്നും ക്ഷേത്രമായിരുന്നതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി വിഎച്ച്പി രംഗത്ത് എത്തിയത്.
ജ്ഞാൻവാപി മസ്ജിദ് ക്ഷേത്രം തകർത്ത് നിർമ്മിച്ചതാണ്. ഇതിനുള്ള തെളിവുകൾ പരിശോധനയിൽ നിന്നും ലഭിച്ചു. വിഗ്രഹങ്ങൾ ഉൾപ്പെടെ ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. സത്യം വ്യക്തമായ സ്ഥിതിയ്ക്ക് മസ്ജിദും പരിസരവും ഹിന്ദുക്കൾക്ക് തിരികെ നൽകാൻ അൻജുമാൻ ഇന്തസാമിയ കമ്മിറ്റി തയ്യാറാകണം എന്നും വിഎച്ച്പി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സർവ്വേയുടെ വിശദമായ റിപ്പോർട്ട് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പുറത്തുവിട്ടത്. ജ്ഞാൻവാപിയിൽ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. വിഗ്രഹങ്ങൾ ഉൾപ്പെടെ കണ്ടെടുത്തിട്ടുണ്ട്. റിപ്പോർട്ടിനൊപ്പം പരിശോധനയിൽ കണ്ടെടുത്ത വിഗ്രഹങ്ങളുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
17ാം നൂറ്റാണ്ടിൽ മുസ്ലീം ഭരണാധികാരിയായ ഔറംഗസേബ് ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയ്‌നും വ്യക്തമാക്കി. പരിശോധനയ്ക്കിടെ മസ്ജിദിനുള്ളിൽ നിന്നും ക്ഷേത്രം നിലനിന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും ക്ഷേത്രത്തിന്റെ മറ്റ് ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post